ആറ്റിങ്ങൽ: കോരാണി - ചിറയിൻകീഴ് റൂട്ടിൽ കെ.എസ്.ആർ.ടി.സി നിറുത്തലാക്കിയ സർവീസുകൾ അടിയന്തരമായി പുനഃരാംഭിക്കണമെന്ന ആവശ്യം ശക്തം. കിഴുവിലം, ചിറയിൻകീഴ്, കുറക്കട, മുടപുരം, മുട്ടപ്പലം തുടങ്ങി വിവിധ റോഡുകൾവഴി സർവീസ് നടത്തിയിരുന്ന നിരവധി സർവീസുകളാണ് പല ഘട്ടങ്ങളിലായി ബന്ധപ്പെട്ടവർ നിറുത്തലാക്കിയത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്താണ് യാത്രക്കാരുടെ കുറവ് കണ്ടെത്തി മിക്ക സർവീസുകളും അധികൃതർ നിറുത്തലാക്കിയത്. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും ഈ മേഘല വഴി സഞ്ചരിച്ചിരുന്ന ബസുകൾ മിക്കതും തിരുവനന്തപുരം വരെ സർവീസ് നടത്തിയിരുന്നു. മിക്ക സർവീസുകളും തീരദേശം വഴിയായതിനാൽ മത്സ്യത്തൊഴിലാളികൾക്കും അനുഗ്രഹമായിരുന്നു. വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും ഈ സർവീസുകൾ അനുഗ്രഹമായിരുന്നു. നിലവിൽ കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇവിടെ കെ.എസ്.ആർ.ടി.സി നിറുത്തലാക്കിയ സർവീസ് പുന:രാരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ വകുപ്പുമന്ത്രി മുതൽ ബന്ധപ്പെട്ടവർക്ക് നൽകിയെങ്കിലും ഇനിയും പ്രയോജനമുണ്ടായിട്ടില്ല. ഈ മേഘലയിൽ നാമമാത്രമായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും കൃത്യമായി സർവീസ് നടത്തുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്. രാത്രി ട്രിപ്പുകൾ മുടക്കുന്നതും ഇവിടെ പതിവാണ്. യാത്രയ്ക്കായി ദേശീയപാതയായ കോരണിയിലോ, ചിറയിൻകീഴിലോ എത്തി വേണം നിലവിൽ ദീർഘദൂര യാത്ര നടത്താൻ.