k

തിരുവനന്തപുരം: വട്ടിയൂർക്കാവ് കാഞ്ഞിരംപാറ വി.കെ.പി കോളനിയിൽ സഹോദരിയെ കല്ലുകൊണ്ട് മുഖത്തിടിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. വി.കെ.പി കോളനി ഹൗസ് നമ്പർ 79 ചരുവിള വീട്ടിൽ മനോജാണ് വട്ടിയൂർക്കാവ് പൊലീസിന്റെ പിടിയിലായത്. നെടുമങ്ങാട് സ്വദേശിയായ ഇയാളുടെ സഹോദരി മാതാപിതാക്കളെ കാണാനും വീട്ടിൽ അമ്മ വാങ്ങി വച്ചിരുന്ന സാധനങ്ങൾ കൊണ്ടുപോകാനുമായി വന്നപ്പോഴാണ് ഇയാൾ ആക്രമിച്ചത്. സഹോദരിക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റു. മദ്യലഹരിയിലായിരുന്ന മനോജ് വീടിന്റെ വാതിലും ജനലുകളും അടിച്ചു തകർക്കുകയും ചെയ്തു. ഇയാൾ വട്ടിയൂർക്കാവ് സ്റ്റേഷനിലെ ക്രിമിനൽ ലിസ്റ്റിൽപ്പെട്ടയാളും പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസിലെ പ്രതിയുമാണ്. ഇയാൾക്കെതിരെ കാപ്പ നടപടികൾ തുടങ്ങുമെന്ന് വട്ടിയൂർക്കാവ് എസ്.എച്ച്.ഒ അറിയിച്ചു. മനോജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എസ്.എച്ച്.ഒ അജേഷ്, എസ്.ഐമാരായ ബൈജു, അരുൺകുമാർ, എസ്.സി.പി.ഒ ബൈജു, യതി പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.