രണ്ടാം പ്രതിയായിരുന്നു നടന്നത് 260.18 കോടിയുടെ തട്ടിപ്പ്
തിരുവനന്തപുരം:ബി.എസ്.എൻ.എൽ എൻജിനീയേഴ്‌സ് സഹകരണസംഘം തട്ടിപ്പിൽ മുഖ്യപ്രതിയായ സംഘം പ്രസിഡന്റ് എ.ആർ.ഗോപിനാഥൻ(78) മരിച്ചു.ഇന്നലെയായിരുന്നു അന്ത്യം. ഒന്നര വർഷമായി ജയിലിലായിരുന്ന ഇദ്ദേഹം അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ജയിൽവാസ കാലത്ത് ഏറെക്കാലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പയറ്റുവിള തെങ്ങുംപള്ളിയിലായിരുന്നു താമസം.
വാർദ്ധക്യസഹജമായ അസുഖത്തെതുടർന്നായിരുന്നു അന്ത്യം. സംഘത്തിൽ 260.18 കോടി രൂപയുടെ നിക്ഷേപതട്ടിപ്പ് നടന്നതെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തൽ. മുഖ്യപ്രതിയായ ഗോപിനാഥനും ക്ലർക്കായിരുന്ന രാജീവും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. നിക്ഷേപതുക വകമാറ്റി ബന്ധുക്കളുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ വാങ്ങിക്കൂട്ടിയെന്നാണ് ഗോപിനാഥന്റെ പേരിലുള്ള കേസ്.പൊലീസ് നൽകിയ കുറ്റപത്രത്തിൽ ഗോപിനാഥൻ രണ്ടാം പ്രതിയാണ്. വിശ്വാസവഞ്ചന, വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ അസലായി ഉപയോഗിക്കൽ, കുറ്റകരമായ ഗൂഢാലോചന എന്നീ സഹകരണനിയമപ്രകാരമുള്ള കുറ്റങ്ങളാണ് ഗോപിനാഥൻ ഉൾപ്പെടെ 22പ്രതികളുടെ പേരിൽ ചുമത്തിയിരുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഗോപിനാഥൻ ബന്ധുക്കളുടെയും മറ്റ് പേരുകളിലും വസ്തുക്കൾ വാങ്ങിക്കൂട്ടിയത്. ഇവ പലതും സഹകരണനിയമപ്രകാരം കണ്ടുകെട്ടിയിട്ടുണ്ട്.നിലവിൽ അന്വേഷണം പൂർത്തിയായിട്ടുണ്ട്.കോടതി നടപടികളാണ് ഇനി ആരംഭിക്കുക.