നെടുമങ്ങാട് : ആറു മാസത്തിനുള്ളിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ മുഴുവൻ അപേക്ഷകളും പരിശോധിച്ച് പട്ടയം നൽകുമെന്ന് മന്ത്രി ജി.ആർ.അനിൽ. മണ്ഡലത്തിലെ രണ്ടാമത് പട്ടയ അസംബ്ലി നെടുമങ്ങാട് മുനിസിപ്പാലിറ്റി ടൗൺ ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭയിൽ പാളയത്തും മുകൾ പുനരധിവാസ പ്രദേശത്തെ 17 അപേക്ഷകളും പടവള്ളിക്കോണം പ്രദേശത്തെ 8 അപേക്ഷകളും ഉൾപ്പെടെ 52 പട്ടയങ്ങൾ തയ്യാറായതായി മന്ത്രി അറിയിച്ചു.ഇനിയും പട്ടയത്തിന് അപേക്ഷ നൽകാൻ ആരെങ്കിലും ഉണ്ടെങ്കിൽ അതത് വാർഡുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തഹസീൽദാർക്ക് അപേക്ഷ നൽകണം. നിലവിലുള്ള അപേക്ഷകളുടെ പുരോഗതി യോഗത്തിൽ മന്ത്രി വിലയിരുത്തി. നെടുമങ്ങാട് ആർ.ഡി.ഒ വിനീത്, ഡെപ്യൂട്ടി കളക്ടർ ജേക്കബ്. ടി. ജോർജ്, റവന്യു തഹസീൽദാർമാരായ സജീവ്, മോഹനൻ, സജി എന്നിവർ പട്ടയ അസംബ്ലിക്ക് നേതൃത്വം നൽകി.നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ യു.ലേഖ റാണി, കുതിരകുളം ജയൻ, എസ്. ഹരികുമാർ, ടി. ആർ. അനിൽകുമാർ, ബീന ജയൻ, വാർഡു മെമ്പർമാർ, റവന്യു വകുപ്പിലെ മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.