കല്ലമ്പലം: ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി നാവായിക്കുളത്തെ ചരിത്ര സ്‌മാരകമായ ക്ഷേത്ര പ്രവേശന വിളംബരം സ്‌തൂപം മാറ്റി സ്ഥാപിച്ചു. നേരത്തെ സ്ഥിതി ചെയ്തിരുന്ന ഭാഗത്തുനിന്നും പഴയ ദേശീയപാതയിൽ കിഴക്ക് ഭാഗത്ത് പുതിയ ദേശീയപാതയ്ക്ക് അഭിമുഖമായാണ് മാറ്റി സ്ഥാപിച്ചത്. ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ പഴയ ദേശീയ പാതയോരത്താണ് സ്തൂപം സ്ഥിതി ചെയ്തിരുന്നത്. റോഡ് നിർമാണം തുടങ്ങിയപ്പോൾ മുതൽ നാട്ടുകാരും സംരക്ഷണ സമിതിയും സാംസ്കാരിക പ്രവർത്തകരും ഇതിനെ ഉചിതമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൗനം എല്ലാവരേയും ആശങ്കയിലാക്കിയെങ്കിലും വി.ജോയി എം.എൽ.എ ഇടപെട്ടതോടെയാണ് മാറ്റി സ്ഥാപിക്കപ്പെട്ടത്.
1936 നവംബർ 12ന് തിരുവിതാംകൂർ ചിത്തിര തിരുനാൾ രാമവർമയാണ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്. അതിൽ ആവേശ ഭരിതനായ കോമലേഴത്ത് കരുണാകരൻ സ്വന്തം ചെലവിൽ നാവായിക്കുളത്തെ എതുക്കാട് കവലയിൽ 1937 ഫെബ്രുവരി 24നാണ് ചരിത്രസ്മാരകമായ ക്ഷേത്രപ്രവേശന വിളംബര സ്തൂപം അനാവരണം ചെയ്തത്. കഴിഞ്ഞ ദിവസം ക്രെയിൻ ഉപയോഗിച്ച് നീക്കിയ സ്തൂപം ശനിയാഴ്ച വീണ്ടും ക്രെയിന്റെ സഹായത്തോടെയാണ് മാറ്റി സ്ഥാപിച്ചത്.