1

പൂവാർ: അരുമാനൂർ പൂവാർ റോഡിന്റെ മെയിന്റനൻസ് വർക്ക് അശാസ്ത്രീയമാണെന്ന് നാട്ടുകാർ. എം.വി ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ മുതൽ പൂവാർ ജംഗ്ഷൻ വരെയുള്ള മെയിൻ റോഡാണ് മെയിന്റനൻസ് വർക്ക് നടത്തിയതിന്റെ അപാകതയിൽ ടാറും മെറ്റലുമിളക്കി അപകടങ്ങൾ പതിവാകുന്നത്.

ഏതാനും ദിവസങ്ങൾക്കു മുമ്പ് കോരിച്ചൊരിയുന്ന മഴയത്ത് രാത്രിയിൽ നടത്തിയ നിർമ്മാണമാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. കാഞ്ഞിരംകുളം വാട്ടർ അതോറിട്ടിയാണ് പൈപ്പുകൾ കുഴിച്ചിടാൻ റോഡിന്റെ ഒരു വശം മാസങ്ങൾക്കുമുമ്പ് ജെ.സി.ബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചത്. പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.

നാട്ടുകുടെ ആക്ഷേപം

പൈപ്പുകൾ സ്ഥാപിച്ച ശേഷം സമയബന്ധിതമായി ടാർ ചെയ്യാതെ അപകടങ്ങൾ പെരുകാൻ തുടങ്ങിയപ്പോൾ നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഏതാണ്ട് രണ്ടര കിലോമീറ്ററോളം ടാർ ചെയ്യാൻ തീരുമാനമായത്. 1കോടി 32 ലക്ഷം രൂപയ്ക്ക് ടെണ്ടർ ചെയ്ത വർക്ക് വാട്ടർ അതോറിട്ടി, പി.ഡബ്ല്യൂ.ഡി ഒത്താശയോടെ കോൺട്രാക്ടർ തിരുമറി നടത്തിയതായാണ് നാട്ടുകുടെ ആക്ഷേപം.

പൊട്ടിപ്പൊളിയാൻ സാദ്ധ്യത

16 കോടി രൂപ ചെലവഴിച്ചാണ് 2020 ൽ നെയ്യാറ്റിൻകര പൂവാർ റോഡ് ആധുനിക രീതിയിൽ റബറൈസ്ഡ് ടാറിംഗ് നടത്തി നവീകരിച്ചത്. നിലവിലെ റോഡിന്റെ ശാസ്ത്രീയത ഉറപ്പുവരുത്താതെ വെറും മെറ്റലും ടാറും കുഴച്ച് പണി നടത്താനാണ് കോൺട്രാക്ടറും അധികൃതരും ശ്രമിക്കുന്നത്. ഫിനിഷിംഗ് വർക്ക് ചെയ്യുമ്പോൾ ക്ലിയർ ആകുമെന്നാണ് അധികൃതർ പറയുന്നത്. സ്ഥിതി തുടർന്നാൽ ടാർ ചെയ്ത ഭാഗം ആഴ്ചകൾക്കുള്ളിൽ തകരും. നിലവിലെ റോഡിന്റെ പൊളിച്ച ഭാഗം റീടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.