
ഉദിയൻകുളങ്ങര: എക്സൈസ് അമരവിള റേഞ്ച് ഓഫീസിന് വേണ്ടിയുള്ള കെട്ടിട നിർമ്മാണം ഇഴയുന്നതായി കേരളകൗമുദിയുടെ നിരന്തരമായ വാർത്ത ഫലം കണ്ടു. പുതിയ കെട്ടിട നിർമ്മാണത്തിനുള്ള ശിലാസ്ഥാപനം നാളെ രാവിലെ 10ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ അദ്ധ്യക്ഷത വഹിക്കും.
കൊല്ലയിൽ വില്ലേജ് സർവേയിൽപ്പെട്ട 11.5 സെന്റ് വസ്തുവിലാണ് 1952ൽ നിർമ്മിച്ച പഴയ എക്സൈസ് റേഞ്ച് ഓഫീസ് ഉണ്ടായിരുന്നത്.
കെട്ടിടം കാലഹരണപ്പെട്ടതോടെ എക്സൈസ് ഓഫീസിൽ വെള്ളക്കെട്ടും ചോർച്ചയും വന്ന് പല രേഖകളും വെള്ളം നനഞ്ഞു നഷ്ടപ്പെട്ടിരുന്നു. കാലപ്പഴക്കം ചെന്ന കെട്ടിടം പുതുക്കിപ്പണിയാൻ 2018 ൽ ഡി.എസ്.ആർ പ്രകാരം എസ്റ്റിമേറ്റ് 1.60 കോടി രൂപയിൽ അധികം ചെലവാകുമെന്ന് പൊതുമരാമത്ത് വകുപ്പിന് റിപ്പോർട്ട് നൽകി. തുടർന്ന് മണ്ണ് പരിശോധന നടത്തി കെട്ടിടത്തിന്റെ രൂപരേഖയും 1.30 കോടി രൂപ നിജപ്പെടുത്തി എസ്റ്റിമേറ്റും 2022ൽ പുറത്തുവിട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ പഴയ കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി കെട്ടിടം പൊളിച്ചു നീക്കി. അന്ന് മുതൽ അമരവിളയിൽ നിന്നും ഉദിയൻകുളങ്ങര പൊഴിയൂർ റോഡിൽ സ്വകാര്യ കെട്ടിടത്തിലാണ് എക്സൈസ്റേഞ്ച് ഓഫീസ് പ്രവർത്തിക്കുന്നത്.
വാർത്ത ഫലംകണ്ടു
പഴയ കെട്ടിടം സ്ഥിതി ചെയ്തിരുന്ന ദേശീയപാതയിൽ കോടികൾ വിലയുള്ള സ്ഥലം കാടുപിടിച്ച് നശിച്ചുകൊണ്ടിരുന്ന വാർത്ത കേരള കൗമുദി പലവട്ടം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിനു തകൃതിയിൽ തറക്കല്ലിടാൻ അധികൃതരുടെ ഭാഗത്തുനിന്നും അലിവുണ്ടായത്.
അമരവിള എക്സൈസ് റേഞ്ച് ഓഫീസ്
നിരവധി സ്കൂൾ കോളേജുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളായ മലയോര പ്രദേശമായ വെള്ളറട, അമ്പൂരി, കേരള തമിഴ്നാട് അതിർത്തി പ്രദേശമായ പനച്ചമൂട്, കാരക്കോണം, പളുകൾ, പാറശ്ശാല, ആലമ്പാറ, ചെങ്കവിള,പ്ലാമൂട്ടുകട,ഉദിയൻകുളങ്ങര,ധനുവച്ചപുരം,അമരവിള,ചെമ്പൂർ, പെരുങ്കടവിള, ഒറ്റശേഖരമംഗലം തുടങ്ങിയ കിലോമീറ്റർ വിസ്തൃതിയിലുള്ള റേഞ്ചാണ് അമരവിള എക്സൈസ് റേഞ്ച് ഓഫീസ്.
20ഓളം ജീവനക്കാർ
ഇൻസ്പെക്ടർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ, സിവിൽ ഓഫീസർ അടക്കം 20 ഓളം ജീവനക്കാരാണ് ഈ ഓഫീസിലുള്ളത്. ഇതിൽ രണ്ടു വനിതകളാണ്. കൃത്യമായ രീതിയിൽ പ്രവർത്തിക്കാൻ ഇനിയും അഞ്ച് ജീവനക്കാരുടെ കുറവും ഉണ്ട്.