കിളിമാനൂർ: ക്ഷേത്രങ്ങളിൽ വീണ്ടും തെച്ചിയും തുളസിയും വന്നതോടെ പായ്ക്കറ്റ് അരളിപ്പൂവിന് പ്രിയം കുറയുന്നു. ഇതോടെ പൂക്കടകളിൽ അരളി പൂവിന് ആവശ്യക്കാർ കുറഞ്ഞു. വില നൂറിന് താഴെയും എത്തി. അരളിയിൽ വിഷാംശമുണ്ടെന്ന് പ്രചാരണം വന്നതോടെ അരളി ആർക്കും വേണ്ടാതെയായി. ക്ഷേത്രങ്ങളിലെ നിവേദ്യത്തിൽ നിന്നും കൂടി അരളി പുറത്തായതോടെ വില കുത്തനെ കുറഞ്ഞു. ഹരിപ്പാട് സ്വദേശിയുടെ മരണത്തിന് പിന്നാലെയാണ് അരളി പൂവിനെക്കുറിച്ച് ചർച്ചയും വന്നത്.
അരളിയുടെ ഇലയിലും വേരിലും കായയിലും പൂവിലുമെല്ലാം വിഷാംശമുണ്ടന്നും മനുഷ്യ ശരീരത്തിലെത്തിയാൽ ഹാനികരമാണെന്നും അരളിച്ചെടിയുടെ ഭാഗങ്ങൾ ചെറിയ അളവിലെങ്കിലും ശരീരത്തിലെത്തിയാൽ നിർജലീകരണം, ഛർദി, വയറിളക്കം തുടങ്ങിയവ ഉണ്ടാകുമെന്നും വലിയ അളവിലായാൽ ഗുരുതര അവസ്ഥയ്ക്കും കാരണമാകുമെന്ന് കണ്ടെത്തലുണ്ട്. ഇവയുടെ കറകളിലെ ലെക്റ്റിനുകളാണ് വിഷത്തിനു കാരണമാകുന്നത്.
നാട്ടിൻപുറങ്ങളിൽ തെച്ചി പൂവിന്റെ ലഭ്യത കുറഞ്ഞതോടെയാണ് പൂജകൾക്കും മറ്റും അരളി പൂവ് കടന്നുവന്നത്. എന്നാൽ അരളിപ്പൂവ് വില്ലനായതോടെ ക്ഷേത്രങ്ങളിൽ നിന്ന് അരളിപ്പൂവിനെ ഒഴിവാക്കാൻ ദേവസ്വം ബോർഡ് അറിയിച്ചത്. അരളിക്ക് ആവശ്യക്കാർ ഇല്ലാതായതോടെയാണ് നാനൂറിൽ നിന്ന് വില നൂറിലേക്ക് കുറഞ്ഞത്.
നാഗർ കോവിലെ തോവാള, തെങ്കാശി ജില്ലയിലെ ശങ്കരൻ കോവിൽ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുമാണ് കല്ലറ, കിളിമാനൂർ, വെഞ്ഞാറമൂട് മേഖലകളിൽ പൂക്കൾ എത്തുന്നത്.
അരളിപ്പൂവില....... 400ൽ നിന്നും 100 ലേക്ക്