hi

വെമ്പായം: സ്ഥല പരിമിതിയിൽ വീർപ്പുമുട്ടിയും ആവശ്യത്തിന് പൊലീസുകാരില്ലാതെയും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പ്രവർത്തനം അവതാളത്തിൽ. നെടുമങ്ങാട് ഡിവിഷൻ പരിധിയിൽ വിശാല പരിധിയുള്ള സ്റ്റേഷനാണ് വട്ടപ്പാറ പൊലീസ് സ്റ്റേഷൻ. 38 പൊലീസുകാർ വേണ്ടിടത്ത് ഇപ്പോൾ ഉള്ളത് 21 പേർ മാത്രം.

തലസ്ഥാന നഗരിക്ക് അടുത്ത് സംസ്ഥാന പാതയോട് ചേർന്നു സ്ഥിതി ചെയ്യുന്ന പൊലീസ് സ്റ്റേഷൻ ആയതുകൊണ്ട് മിക്ക ദിവസങ്ങളിലും മന്ത്രിമാർ, വി.ഐ.പികൾ പങ്കെടുക്കുന്ന പരിപാടികൾ പ്രദേശത്ത് നടക്കാറുണ്ട്. ഇതിന് സുരക്ഷ ഒരുക്കേണ്ടതും ഈ വിരലിൽ എണ്ണാവുന്ന പൊലീസുകാരെ വെച്ചാണ്. പലപ്പോഴും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നവരെ വീണ്ടും വിളിച്ച് വരുത്തേണ്ടിവരും. ഇതിനിടെ ആക്രമങ്ങൾ, മോഷണം എന്നിവ നടക്കുമ്പോൾ സമീപത്തെ പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസുകാരുടെ സേവനം തേടേണ്ടിവരും.

 പട്രോളിംഗും നടക്കുന്നില്ല

വിശാല പരിധിയുള്ള പൊലീസ് സ്റ്റേഷൻ ആയിട്ടും ഉദ്യോഗസ്ഥരുടെ പരിമിധി മൂലം രാത്രി കാല പട്രോളിംഗിന് എല്ലായിടത്തും എത്താൻ കഴിയാറില്ല. ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സ്റ്റേഷൻ പരിധിയിൽ ആറ് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. ആറ് ലക്ഷം രൂപയോളം വില വരുന്ന സാധനങ്ങളാണ് മോഷണം പോയത്. രാത്രികാല പട്രോളിംഗ് ശക്തമായിരുന്നെങ്കിൽ മോഷണം നടക്കില്ലായിരുന്നന്നാണ് നാട്ടുകാർ പറയുന്നത്.

ഉദ്യോഗസ്ഥരുടെ കുറവു മൂലം സ്റ്റേഷനിൽ എത്തുന്ന പരാതികൾ പരിഹരിക്കാനും കാലതാമസം ഉണ്ടാകുന്നെന്നും ആക്ഷേപമുണ്ട്. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 ഉദ്യോഗസ്ഥരുടെ കുറവും

സംസ്ഥാന പാതയിൽ കേശവദാസപുരം മുതൽ കൊട്ടാരക്കര വരെയുള്ള മൂന്ന് റോഡുകൾ സന്ധിക്കുന്ന ഇടമാണ് വട്ടപ്പാറ. അതുകൊണ്ട് തന്നെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാകാറുണ്ട്. ഈ സന്ദർഭങ്ങളിൽ രണ്ടും മൂന്നും പൊലീസുകാരാണ് ഗതാഗത നിയന്ത്രണത്തിന് എത്തുന്നത്. ഇതിനിടയിൽ മറ്റെന്തെങ്കിലും ആവശ്യം വന്നാൽ പെട്ടതുതന്നെ.

 സ്ഥലപരിമിതിയും

സംസ്ഥാന പാതയിൽ കൊടും വളവിൽ പഴയ കെട്ടിടത്തിലാണ് വട്ടപ്പാറ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മിക്ക പൊലീസ് സ്റ്റേഷനും സ്മാർട്ട് ആയപ്പോഴും ഈ പൊലീസ് സ്റ്റേഷന് മാറ്റം ഒന്നുമില്ല. സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും ബുദ്ധിമുട്ടുകയാണ്. തൊണ്ടിവാഹനങ്ങൾ ഇടാൻ പോലും സ്ഥലം ഇല്ല.

 നിലവിൽ ഒരു വനിതാ സിവിൽ പൊലീസ് ഓഫിസർ പോലുമില്ല

 വേണ്ട ഉദ്യോഗസ്ഥർ......38

ഉള്ളത് 21 പേർ