വിതുര: പ്രതികൂല കാലാവസ്ഥയെ തുടർന്ന് മണ്ണിടിച്ചിലും, ഉരുൾപൊട്ടൽ സാദ്ധ്യതയും കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം ഒരാഴ്ചയായി അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടി ഇന്നലെ മുതൽ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു. പൊൻമുടിക്കൊപ്പം അടച്ച കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും തുറന്നു. ഇന്നലെ പൊൻമുടിയിൽ പ്രതികൂല കാലാവസ്ഥയായിരുന്നെങ്കിലും സഞ്ചാരികളുടെ വൻപ്രവാഹമായിരുന്നു. കല്ലാർ പൊൻമുടി റൂട്ടിൽ ഗതാഗതതടസവും നേരിട്ടു. പൊലീസും, വനപാലകരും ചേർന്ന് പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്.
കനത്തമഴയെ തുടർന്ന് രണ്ട് മാസത്തിനിടയിൽ പത്ത് തവണയാണ് പൊൻമുടി അടച്ചിട്ടത്. ഇന്നലെ കല്ലാർ, ബോണക്കാട്, പേപ്പാറ ടൂറിസം മേഖലകളിലും സഞ്ചാരികളെത്തി.
ജലനിരപ്പുയർന്നു
നദികളിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്. കല്ലാറിൽ കുളിക്കാനിറങ്ങുന്ന സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശമുണ്ട്.
അടിക്കടി അടയ്ക്കരുത്
പൊൻമുടി അടിക്കടി അടച്ചിടുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. മഴപെയ്തില്ലെങ്കിലും കാലാവസ്ഥയുടെ പേരിൽ ആഴ്ചകളോളം അടച്ചിടും. വഴിയോരകച്ചവടത്തിലൂടെ ഉപജീവനമാർഗം തേടുന്ന നൂറുകണക്കിന് കുടുംബങ്ങൾ കല്ലാർ, പൊൻമുടി മേഖലയിലുണ്ട്. പൊൻമുടി അടയ്ക്കുന്നതോടെ ഇവരുടെ വരുമാനം മാർഗം നിലക്കും. പാസ് ഇനത്തിൽ വനംവകുപ്പിന് ലഭിക്കേണ്ട ലക്ഷങ്ങളുടെ വരുമാനവും നഷ്ടമാകും. ഇത് സംബന്ധിച്ച് പൊൻമുടി സംരക്ഷണസമിതി മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.