കല്ലമ്പലം: നാവായിക്കുളം - തുമ്പോട് - കൈതോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് കോൺഗ്രസ്. നാവായിക്കുളം - മടവൂർ - നിലമേൽ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതും എൻ.എച്ച്, എം.സി റോഡുകളെ ബന്ധിപ്പിക്കന്നതുമായ പ്രധാന പി. ഡബ്യൂ.ഡി റോഡാണിത്. ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്നതും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ നിരന്തരം സർവീസ് നടത്തുന്നതും വർക്കല, ചടയമംഗലം, പൊന്മുടി ടൂറിസം ഏരിയകളിലേക്ക് ചെന്നെത്തുന്നതിന് ടൂറിസ്റ്റുകൾ ആശ്രയിക്കുന്നതുമായ പ്രധാന റോഡാണിത്.
യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ബ്ലോക്ക് - മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സമരപരിപാടികൾ ആരംഭിക്കും.
ബ്ലോക്ക് പ്രസിഡന്റ് എസ്. അനീഷ് കുമാർ
അപകടങ്ങളും പതിവ്
നിത്യേന വാഹനാപകടങ്ങൾ പതിവാകുകയാണ്. മഴക്കാലമായതിനാൽ റോഡ് സൈഡിൽ കാടുകയറി സിഗ്നൽ ബോർഡുകൾ, റോഡ് ബാരിയൽ എന്നിവ കാണാനാകാത്ത സ്ഥിതിയിലാണ്. റോഡിലെ പലയിടത്തും വെള്ളം കെട്ടി നിന്ന് കുഴികൾ രൂപപ്പെടുകയാണ്. റോഡിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള ഭാഗങ്ങളിൽ അപകടരമായ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്. പനപ്പാംകുന്ന് സ്വദേശി നന്ദു (24) ഈ റോഡിൽ അപകടത്തിൽപ്പെട്ട് മരിച്ചത് ഈ അടുത്താണ്.