കടയ്ക്കാവൂർ: കേരളത്തിലെ ഗ്രാമീണമേഖലയുടെ നട്ടെല്ലായിരുന്ന കയർമേഖലയെ കരകയറ്റാൻ പദ്ധതികൾ നടപ്പാക്കുമ്പോഴും പല കയർ സംഘങ്ങളും തലപൊക്കാൻ കഴിയാതെ ദുരവസ്ഥയിൽ തന്നെ. കയറിന്റെ ഉത്പാദനച്ചെലവാണ് പ്രധാന പ്രശ്നം. സംഘങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി, പുനരുദ്ധാരണ പദ്ധതി, ചകിരി സംഭരണം, തൊണ്ട് സംഭരണം, ആധുനിക യന്ത്രവത്കരണം, കൂലി വർദ്ധന, കടാശ്വാസ പദ്ധതി തുടങ്ങിയവ പേരിന് നടപ്പാക്കിയിട്ടുണ്ട്. അതേസമയം വ്യവസായം നാമമാത്രമായി ചുരുങ്ങിയതോടെ തൊഴിലാളികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. യന്ത്രവത്കൃത റാട്ടിലും പരമ്പരാഗത റാട്ടുകളിലുമാണ് ഇവർ ജോലി ചെയ്യുന്നത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് കയർമേഖലയ്ക്ക് തിരിച്ചടിയായതാണ് മറ്റൊരു കാര്യം. കയർമേഖലയെ പുനർജീവിപ്പിക്കാൻ അധികൃതർ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇതൊന്നും പ്രതിസന്ധി മറികടക്കാൻ പര്യാപ്തമായിരുന്നില്ല.
കേരകൃഷിയും വെള്ളത്തിൽ
കയർ വ്യവസായം തകർന്നതോടെ സംരക്ഷണമില്ലാതെ പ്രദേശത്തെ തെങ്ങുകളും നശിച്ചു. കേരവൃക്ഷങ്ങളുടെ ഈറ്റില്ലമായിരുന്ന തീരദേശമേഖലയിൽ നാളികേര ലഭ്യതയും കുറഞ്ഞു. തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന നാളികേരളമാണ് ഇപ്പോൾ ഇവിടുത്തുകാരുടെ ആശ്രയം. കയർ ഉത്പാദനച്ചെലവിൽ വൻ വർദ്ധന, പച്ചത്തൊണ്ട് ലഭിക്കാനുള്ള ബുദ്ധിമുട്ട്, തൊണ്ട് തല്ലാനുള്ള സൗകര്യങ്ങളുടെ പരിമിതി, കയറിന്റെ സംഭരണ വില തൊഴിലാളികളുടെ ലഭ്യതക്കുറവ്, മറ്റ് തൊഴിലുകളെ അപേക്ഷിച്ച് വേതനം കുറവ് എന്നിവയാണ് കയർ സംഘങ്ങൾ നിലയ്ക്കാനുള്ള പ്രധാന പ്രശ്നങ്ങൾ.