മലയിൻകീഴ്: തിങ്കളാഴ്ച രാവിലെ മൂന്നുവയസുകാരി ധൃതിക ഉറക്കമുണരുന്നതിന് മുൻപേയാണ് അമ്മ കൃഷ്ണ തങ്കപ്പനും അച്ഛൻ ശരത്തും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് പോയത്. ഡോക്ടറെ കണ്ട് ഉടൻ മടങ്ങിയെത്താമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ കൃഷ്ണ ഇനി മടങ്ങിയെത്തില്ല. കളിചിരികൾ മുഴങ്ങിക്കേട്ടിരുന്ന മലയിൻകീഴ് മണപ്പുറം കുണ്ടൂർക്കോണം അമ്പറത്തലയ്ക്കൽ ശരത് ഭവനിൽ ബന്ധുക്കൾ പൊട്ടിക്കരയുകയാണ്. ഒന്നുമറിയാതെ ധൃതിക അമ്മയെ തിരക്കി നടക്കുന്നു. അമ്മ ഉടനെത്തുമെന്ന് പറഞ്ഞ് എല്ലാവരും അവളെ ചേർത്തുപിടിക്കുന്നു.
തിങ്കളാഴ്ച മൂത്രാശയകല്ലിന് ചികിത്സതേടിയാണ് കൃഷ്ണ ആശുപത്രിയിലെത്തിയത്. കുത്തിവയ്പ് നൽകിയതിന് പിന്നാലെ അബോധാവസ്ഥയിലാവുകയായിരുന്നു. ചികിത്സാപ്പിഴവാണ് സംഭവിച്ചതെന്ന് ഭർത്താവ് ശരത്ത് ഉൾപ്പെടെ ഉറപ്പിച്ചു പറയുന്നു. തിങ്കളാഴ്ച ആശുപത്രിയിൽ ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലും വീട്ടിലേക്ക് വിളിച്ച് കുഞ്ഞ് ഉണർന്നോ എന്തെങ്കിലും കഴിച്ചോയെന്നെല്ലാം കൃഷ്ണ തിരക്കിയതായി ശരത്തിന്റെ അച്ഛൻ ശശി നിറകണ്ണുകളോടെ പറഞ്ഞു. ഡോക്ടറെ കണ്ടതിന് പിന്നാലെ അഡ്മിറ്റാക്കി. തുടർന്നാണ് കുത്തിവയ്പ് എടുത്തത്.
കൊവിഡ് കാലത്തായിരുന്നു ശരത്തിന്റെയും കൃഷ്ണയുടെയും വിവാഹം. വെൽഡിംഗ് തൊഴിലാളിയായ ശരത് ജോലിയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിലുണ്ടായിരുന്ന സമയത്താണ് കൃഷ്ണയുമായി പ്രണയത്തിലാകുന്നത്. തുടർന്ന് ഇരുവീട്ടുകാരും ചേർന്ന് വിവാഹം നടത്തി. സന്തോഷത്തോടെയായിരുന്നു ഇരുവരും ജീവിച്ചതെന്ന് ബന്ധുക്കളും പരിസരവാസികളും പറയുന്നു. ബി.എ പൂർത്തിയാക്കിയ കൃഷ്ണ ബാങ്ക് പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്നു. ജോലിയെന്ന സ്വപ്നം പൂർത്തായാക്കാനാകാതെയാണ് കൃഷ്ണയുടെ മടക്കം. ശരത്തിന്റെ മാതാപിതാക്കളായ ശശി, ഉഷ, സഹോദരൻ ശ്യാം എന്നിവർക്കൊപ്പമായിരുന്നു താമസം.