കുളത്തൂർ: ദേശീയപാത 66ന്റെ ഭാഗമായ സർവീസ് റോഡിൽ യാത്രക്കാരെ കാത്തിരിക്കുന്നത് പടുകുഴി. യു.എസ്.ടി ഗ്ലോബൽ, ഇൻഫോസിസ് എന്നിവയുടെ എതിർവശത്താണ് 30 മീറ്റർ നീളത്തിലും 8 അടി താഴ്ചയിലും റോഡ് ഇടിഞ്ഞു താഴ്ന്നത്. ഏഴുമാസമായി ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചിട്ട്. കോൺക്രീറ്റ് അവശിഷ്ടങ്ങളും മണ്ണും നീക്കിയതല്ലാതെ മറ്റ് പണികളൊന്നും നടന്നില്ല. നിരവധി വ്യാപാര സ്ഥാപനങ്ങളും കൺവെൻഷൻ സെന്ററും ഈ റോഡിനരികത്തായി പ്രവർത്തിക്കുന്നുണ്ട്. കാൽ നടയാത്ര പോലും സാദ്ധ്യമല്ലാത്തതിനാൽ കടകളിലെ കച്ചവടവും കുറഞ്ഞു. നിലവിൽ കോലത്തുകര ശ്മശാനം വഴിയുള്ള ഇടുങ്ങിയ റോഡിലൂടെയാണ് പ്രദേശവാസികൾ യാത്രചെയ്യുന്നത്.
2023 ഡിസംബർ 10നാണ് അശാസ്ത്രീയമായ നിർമ്മാണത്തെത്തുടർന്ന് റോഡിൽ വിള്ളൽ രൂപപ്പെട്ടത്. മഴകൂടി പെയ്തതോടെ ഇടിഞ്ഞു. താഴ്ന്ന ഭാഗത്ത് ചല്ലി നിരത്തി ടാറിംഗ് നടത്താൻ ശ്രമിക്കുന്നതിനിടെ പൂർണമായി ഇടിഞ്ഞ് താഴ്ന്നു. ആ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ആയിരക്കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന റോഡ് എത്രയും വേണം ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
ഓടയും തകർന്നു
ദേശീയപാതയോട് ചേർന്ന് നിർമ്മിച്ച ഓടയും പൂർണമായും തകർന്നു. ഇതോടെ ഓടയിലൂടെ എത്തുന്ന മലിനജലം ഈ ഭാഗത്ത് കെട്ടിക്കിടക്കാൻ തുടങ്ങി. മഴയത്ത് സമീപത്തെ വ്യാപാര- ജനവാസ മേഖലയിൽ വെള്ളം കയറുന്നതും സ്ഥിരം സംഭവമായി. മൂന്നു വീടുകൾ തകരുകയും ചെയ്തു. അപകടങ്ങളും തുടർക്കഥയായി.
പ്രതി കരാറുകാരോ?
റോഡ് പണിക്ക് കരാർ ഏറ്റെടുത്ത കമ്പനിക്കാണ് അറ്റകുറ്റപ്പണിയുടെ ചുമതല. എന്നാൽ ദേശീയ പാത അധികൃതർ പഴയ കരാറുകാരനെ സഹായിക്കാനായി പുതിയ കരാറുകാരെ നിർമ്മാണം ഏല്പിച്ചു. കഴക്കൂട്ടം- കടമ്പാട്ടുകോണം ദേശീയപാതയുടെ നിർമ്മാണം ഏറ്റെടുത്ത ആർ.ഡി.എക്സ് കമ്പനിയെ നിർമ്മാണം ഏല്പിച്ചെങ്കിലും അവർ പിന്നീട് പിൻവാങ്ങി. തുടർന്ന് മറ്റൊരാളെ ചുമതലപ്പെടുത്തിയെങ്കിലും തകർന്ന റാേഡിന്റെ അവശിഷ്ടങ്ങൾ മാറ്റിയതല്ലാതെ മറ്റൊന്നും നടന്നില്ല.
കുളത്തൂർ ഗുരു നഗർ സർവീസ് റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണം.
-കോലത്തുകര പ്രമോദ് (എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ്)
ഈ ദുരവസ്ഥയ്ക്ക് കാരണക്കാരായ ദേശീയപാത അധികൃതർക്കെതിരെ നടപടിയെടുക്കണം.
-ഷമ്മി (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്) :