തിരുവനന്തപുരം: അദ്ധ്യയനവർഷം ആരംഭിച്ച് രണ്ടുമാസമായിട്ടും സ്‌കൂളുകളിൽ കുട്ടികൾക്ക് മുട്ടയ്ക്കും പാലിനും ചെലവാക്കിയ തുക സർക്കാർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വിതരണം നിറുത്തിവയ്ക്കാനൊരുങ്ങി പ്രഥമാദ്ധ്യാപകർ. ഇതിനായി അടിയന്തരമായി ഉച്ചഭക്ഷണ സമിതി വിളിച്ചുകൂട്ടും. സ്വന്തം കൈയിൽ നിന്ന് ചെലവിട്ടും കടംവാങ്ങിയുമൊക്കെയാണ് പ്രഥമാദ്ധ്യാപകർ മുട്ടയും പാലും നൽകുന്നത്. വിലക്കയറ്റം രൂക്ഷമായിട്ടും ഇവയ്ക്കനുവദിക്കുന്ന തുക വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകാത്തതിലും പ്രതിഷേധിച്ചാണ് നീക്കം.
ഈ വർഷം ഇതുവരെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട സർക്കുലർ ഇറങ്ങിയിട്ടില്ലെന്നും പ്രഥമാദ്ധ്യാപകർ കുറ്രപ്പെടുത്തുന്നു. അദ്ധ്യയന വർഷാരംഭത്തിലിറക്കുന്ന സർക്കുലറിലാണ് ഉച്ചഭക്ഷണത്തിന്റെ അളവ്, മുട്ട, പാൽ വിതരണം എന്നിവയെക്കുറിച്ചടക്കം വ്യക്തത വരുത്തുന്നത്.
മുൻപ് ഉച്ചഭക്ഷണത്തിനുള്ള കേന്ദ്ര ഫണ്ടിനൊപ്പം ചേർത്താണ് സംസ്ഥാനം മുട്ട, പാൽ എന്നിവയ്ക്ക് പണമനുവദിച്ചിരുന്നത്. സി.എ.ജി ഓഡിറ്റ് നിർദ്ദേശപ്രകാരമാണ് തുക പ്രത്യേകം അനുവദിച്ചു തുടങ്ങിയത്. തുക പ്രത്യേകം അനുവദിക്കേണ്ടതിനാലാണ് സംസ്ഥാനം ഉഴപ്പുന്നതെന്ന് പ്രഥമാദ്ധ്യാപകർ കുറ്റപ്പെടുത്തുന്നു. പൊതുവിപണിയിൽ വിൽക്കുന്നതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് പാൽ നൽകാനാവുമോയെന്ന് മിൽമയുമായി ആലോചിക്കാനാണ് ധനവകുപ്പിന്റെ നിർദ്ദേശം.
''മുട്ടയ്ക്കും പാലിനും കമ്പോളവിലയ്ക്ക് അനുസൃതമായി പ്രത്യേകം തുക അനുവദിക്കുന്നതുവരെ വിതരണം നിറുത്തിവയ്ക്കാൻ നിർബന്ധിതരാവുകയാണ്
പി. കൃഷ്ണപ്രസാദ്, പ്രസിഡന്റ്,
ജി.സുനിൽകുമാർ, ജനറൽ സെക്രട്ടറി,
കേരള പ്രൈവറ്റ് പ്രൈമറി
ഹെഡ്മാസ്റ്റേഴ്സ് അസോ.
പദ്ധതിയിൽ ഉൾപ്പെടുന്നത്
29 ലക്ഷം കുട്ടികൾ
പാൽ വിതരണം ആഴ്ചയിൽ
രണ്ടുദിവസം, മുട്ട ഒരു ദിവസം
ജൂണിലും ജൂലായിലും മുട്ടയ്ക്കും
പാലിനും തുക നൽകിയിട്ടില്ല
വിവരം നല്കാൻ
50 ദിവസം വൈകി;
12500 രൂപ പിഴ
തിരുവനന്തപുരം: വിവരം നല്കാൻ 50 ദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12,500 രൂപ പിഴ ചുമത്തി വിവരാവകാശ കമ്മിഷൻ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദുനാണ് കമ്മിഷൻ
പിഴ ചുമത്തിയത്.
പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാറിന് ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം കമ്മിഷനെ സമീപിച്ചത്.വിവരം നല്കാൻ കമ്മിഷൻ പറഞ്ഞിട്ടും അലംഭാവം കാട്ടിയതിനാണ് വിവരാവകാശ കമ്മിഷണർ ഡോ.എ എ.ഹക്കീം പിഴചുമത്തി ഉത്തരവായത്. ജില്ലയിലെ ഒരു സ്കൂളിൽ കെ.ഇ. ആർ അദ്ധ്യായം 14 എ, റൂൾ 51 എ പ്രകാരം അദ്ധ്യാപികയ്ക്ക് സ്ഥിരനിയമനം നല്കുന്ന വിഷയത്തിലെ രേഖാ പകർപ്പുകളാണ് ഓഫീസർ മറച്ചു വച്ചത്. കമ്മിഷന്റെ ഉത്തരവിന് ശേഷവും വിവരം നല്കാൻ വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ ക്രമത്തിൽ 50 ദിവസത്തേക്ക് 12500 രൂപ പിഴ ചുമത്തുകയായിരുന്നു.ആരിഫ് അഹമ്മദ് ജൂലായ് 25 നകം പിഴ അടച്ചതായി ഡി.ഇ.ഒ ഉറപ്പു വരുത്തി 30 നകം കമ്മിഷനെ അറിയിക്കണം. അല്ലെങ്കിൽ ആരിഫിന് ജപ്തി നടപടികൾ നേരിടേണ്ടിവരും.