തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ ഡോ. എം.കെ. മുനീർ നടത്തിയ സത്യാഗ്രഹം പ്രകടനം മാത്രമാണെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന നിലവാരമില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുസ്ലിം ലീഗിന്റെ സമുന്നത നേതാവും മുൻ മന്ത്രിയുമായ മുനീറിനെ അപമാനിക്കുകയാണ് മന്ത്രി ചെയ്തത്. നിരുത്തരവാദപരവും അപഹാസ്യവുമായ പ്രതികരണമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്.
മന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തിയ ശേഷവും മലബാറിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് മുനീർ സത്യാഗ്രഹ സമരം തുടങ്ങിയത്. താനും പി.കെ. കുഞ്ഞാലിക്കുട്ടിയും വിഷയത്തിൽ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. സീറ്റ് കുറവുള്ള നിയോജക മണ്ഡലത്തിലെ എം.എൽ.എമാരുടെ നിർദ്ദേശം പരിഗണിക്കുമെന്നും സ്‌കൂളുകളിലെ സൗകര്യം അനുസരിച്ച് ആവശ്യമായ കോഴ്സുകൾ അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതോടെയാണ് മുനീർ സമരം അവസാനിപ്പിച്ചത്.