മലയിൻകീഴ് : മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ബ്ലോക്ക് ഓഫീസ് വാർഡിൽ വിജയിച്ച
ബി.ജെ.പി.അംഗം മനില അയോഗ്യയാണെന്ന മുൻസിഫ് കോടതി വിധിക്കെതിരെ, യോഗ്യയാണെന്ന് ഹൈക്കോടതി വിധി.മലിനയുടെ
എതിർ സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ ഒ.ലക്ഷ്മിയെ വിജയിയായി പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദം കൊടുത്ത നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ ബി.ജെ.പി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചതിനെ തുടർന്ന് വിഷയത്തിൽ അന്വേഷണം നടത്തി 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ജില്ലാ കോടതിക്ക് ഉത്തരവ് കൈമാറുകയായിരുന്നു.ഹൈക്കോടതി ജില്ലാ കോടതിയിലേക്ക് മാറ്റിയ കേസ് കഴിഞ്ഞ ദിവസം പരിഗണിക്കവെയാണ് മനിലയാണ് വിജയിയെന്ന് കോടതിയുടെ നിരീക്ഷണം, ഒപ്പം യു.ഡി.എഫി.ലെ ലക്ഷ്മിയുടെ സത്യപ്രതിജ്ഞയും ജില്ലാ കോടതി അസാധുവാക്കി. മലയിൻകീഴ് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ബൂത്തിൽ യു.ഡി.എഫ് ബൂത്ത് ഏജന്റായിരുന്ന കുമാറാണ് ഇരട്ട വോട്ടിൽ കോടതികളിൽ ഏക സാക്ഷിമൊഴി നൽകിയത്. മനിലയെ ഇരുകോടതികളിലും വിസ്താരത്തിനായി വിളിച്ചിരുന്നില്ല. കോടതിവിധിയിൽ അഭിമാനമുണ്ടെന്നും അമിത ആഹ്ലാദം ഇല്ലെന്നും മനില, ഇനിയുള്ള 13 മാസം ബ്ലോക്ക് ഓഫീസ് വാർഡിന്റെ വികസനത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുമെന്നും മനില പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യ്ക്കും കോൺഗ്രസിനും 425 തുല്യവോട്ട്
ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന നറുക്കെടുപ്പിൽ
ബി.ജെ.പി.സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തു.എന്നാൽ തിരഞ്ഞെടുപ്പിൽ
ബി.ജെ.പി വ്യാപകമായി ക്രമക്കേട് കാട്ടിയെന്നാരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയിലാണ് മുൻസിഫ് കോടതി വിധിയുണ്ടായതും ലക്ഷ്മി ഇക്കഴിഞ്ഞ ഒന്നാം തീയതി സത്യപ്രതിജ്ഞചെയ്യുന്നതും.