ശംഖുംമുഖം: വെളിച്ചമില്ലാത്ത കോവളം- ചാക്ക ബൈപ്പാസ് റോഡ് കുരുതിക്കളമായിരിക്കുകയാണ്. ഒരു വർഷത്തിനിടെ ഈ റോഡിൽ അപകടങ്ങളിൽ പൊലിഞ്ഞത് 25ലധികം ജീവനുകൾ. പരിക്കേറ്റ് അംഗവൈകല്യം ബാധിച്ച് കിടപ്പിലായവരും നിരവധി. ബൈപ്പാസിൽ വെളിച്ചമില്ലാത്തതാണ് രാത്രിയിലെ അപകടങ്ങളുടെ പ്രധാന കാരണം. പലയിടത്തും ലൈറ്റുകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഇരുട്ടിൽ റോഡിലെ വളവുപോലും തിരിച്ചറിയാനാകാത്ത അവസ്ഥ. റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളേയും റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവരേയും തൊട്ടടുത്ത് എത്തുമ്പോഴേ കാണാനാകുള്ളൂ. അനധികൃത പാർക്കിംഗും നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. ബൈപ്പാസിൽ രാത്രികാലത്ത് വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും പട്രോളിംഗ് ഇല്ലാത്തതിനാൽ ഇത് നടപ്പാകുന്നില്ല.
വാഹനങ്ങളുടെ അമിതവേഗവും മത്സരഓട്ടവും പൊലീസിന്റ നിഷക്രിയത്വവും കാരണമുണ്ടാകുന്ന അപകടങ്ങൾ വേറെ. ബൈപ്പാസിൽ റോഡ് മുറിച്ച് കടക്കാതിരിക്കാൽ വേലികൾ സ്ഥാപിക്കുന്നുണ്ടങ്കിലും പലയിടത്തും റോഡ്മുറിച്ച് കടക്കാനാകും. റോഡ് സുരക്ഷ അതോറിട്ടിയുടെ പ്രവർത്തനവും നിർജീവമാണ്.