photo

നെടുമങ്ങാട് : ക്ഷേത്ര ദർശനത്തിന് പുറപ്പെട്ട മുൻ എക്സൈസ് ഉദ്യോഗസ്ഥൻ കരമനയാറ്റിൽ അകപ്പെട്ടതായി സംശയം. ഫയർഫോഴ്‌സും സ്‌കൂബാ ടീമും പൊലീസും പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും വൈകിയും കണ്ടെത്താനായില്ല. നെടുമങ്ങാട് പത്താംകല്ല് കൈതവനം വീട്ടിൽ നാരായണപിള്ളയുടെ മകൻ കൃഷ്ണപിള്ളയെ (85) ആണ് കാണാതായത്. ഇരുമ്പ ദുർഗ്ഗാദേവീക്ഷേത്രത്തിൽ ദർശനത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. ഉച്ചയായിട്ടും മടങ്ങി എത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ക്ഷേത്ര പരിസരത്ത് നടത്തിയ അന്വേഷണത്തിൽ കൃഷ്ണപിള്ളയുടെ കാർ കരമനയാറിന്റെ കരയിൽ കണ്ടെത്തി. ഇതേതുടർന്ന് തിരുവനന്തപുരത്ത് നിന്ന് മുങ്ങൽ വിദഗ്ദ്ധരും നെടുമങ്ങാട് ഫയർഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി ആറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഫയർഫോഴ്‌സ് നെടുമങ്ങാട് സ്റ്റേഷൻ ഓഫീസർ എസ്.ജയചന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്ന തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കും.