തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി 26 മുതൽ 31 വരെ സംഘടിപ്പിക്കുന്ന 16-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ നഗരങ്ങളിലെ ജീവിതക്കാഴ്ചകൾ പകർത്തുന്ന 10 ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും. പ്രശസ്ത വാസ്തുശില്പിയും നഗരാസൂത്രകനുമായ ചാൾസ് കൊറിയയുടെ പേരിലുള്ള ഫൗണ്ടേഷൻ നടത്തിവരുന്ന നഗരി ഹ്രസ്വചിത്ര മത്സരങ്ങളുടെ പല പതിപ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവയാണ് ഇവ. ഹ്രസ്വചിത്രങ്ങളുടെ പ്രദർശനത്തിനുശേഷം പാനൽ ചർച്ചയും ഉണ്ടായിരിക്കും.

ഡോക്യുമെന്ററി സംവിധായകരായ സഞ്ജീവ് ഷാ, അർജുൻ ഗൗരിസാരിയ, ജതിൻ പ്രവീൺ, പ്രാചീ ബജാനിയ എന്നിവർ പങ്കെടുക്കും. ഇന്ത്യൻ നഗരങ്ങളിലെ മനുഷ്യാവസ്ഥകളിലേക്ക് വെളിച്ചം വീശുക എന്നതാണ് ലക്ഷ്യം. എ സിറ്റി വിത്തിൻ എ സിറ്റി, ബിയോണ്ട് ഫോർ വാൾസ്, ഉഡ്ത ബനാറസ്, ദാരുഡി, താൽ ബേതാൾ, ആൾ ഡേ ആൻഡ് ഓൾ ഓഫ് ദ നൈറ്റ്, പൈപ്പ് ഡ്രീം, എ വർക്ക് ഇൻ പ്രോഗ്രസ്, ഹസ്രതേം ബസ്റത്, ജങ്ക്ഇ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കുടിവെള്ളം, ജലവിതരണം, നിർമ്മാണരംഗത്തെ മാലിന്യം, ഇ മാലിന്യം തുടങ്ങിയ വിവിധ പ്രശ്നങ്ങളെ ചിത്രങ്ങളിൽ തീക്ഷ്ണമായി ആവിഷ്‌കരിക്കുന്നു.
സാമൂഹിക നീതിക്കുവേണ്ടി ശബ്ദിക്കുന്ന ഏഴു ചിത്രങ്ങൾ പ്രദർശിപ്പിക്കും. വോയ്സസ്, വിസ്‌പേഴ്സ് ആൻഡ് സയലൻസസ്; ഫിലിംസ് ഓൺ സോഷ്യൽ ജസ്റ്റിസ് എന്ന ശീർഷത്തിലുള്ള ഈ വിഭാഗം ക്യുറേറ്റ് ചെയ്തിരിക്കുന്നത് ഡോക്യുമെന്ററി സംവിധായകനും സാമൂഹിക പ്രവർത്തകനുമായ ആർ.പി.അമുദനാണ്.

കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലുൾപ്പെടുന്ന 300ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും.