തിരുവനന്തപുരം: വിശേഷാൽ ജ്ഞാനപ്പഴത്തിന്റെ കഥ നൃത്തനാട്യങ്ങളിലൂടെ ലക്ഷ്‌മി ഹരീഷ് അവതരിപ്പിച്ചപ്പോൾ സദസ് നൽകിയത് നിറകൈയടി.

ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കലാസപര്യ തുടരുന്നവരെ പ്രോത്സാഹിപ്പിക്കാൻ 'സൂര്യ' മിഥിലാലയ ഡാൻസ് അക്കാഡമിയുമായി ചേർന്ന് തൈക്കാട് ഗണേശം നാടകക്കളരിയിൽ സംഘടിപ്പിച്ച നൃത്തസന്ധ്യയിലാണ് ലക്ഷ്മിയുടെ ഭരതനാട്യം സദസിന്റെ മനം കവർന്നത്.

തിലംഗ് രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗണപതി സ്തുതിയോടെയാണ് നൃത്തം ആരംഭിച്ചത്. ഷണ്മുഖപ്രിയ രാഗത്തിലെ പിന്നണി സംഗീതത്തിൽ മുരുകനായും ഗണപതിയായും ലക്ഷ്മി പകർന്നാടി. ആമസോണിന്റെ സിയാറ്റിലിലെ (യു.എസ്) ആസ്ഥാനത്ത് പ്രിൻസിപ്പൽ പ്രോഡക്റ്റ് മാനേജരായ ലക്ഷ്മി ആറുവയസുമുതൽ നർത്തകി വി.മൈഥിലിയുടെ കീഴിൽ ഭരതനാട്യം അഭ്യസിക്കുന്നുണ്ട്. നിശാഗന്ധി ഓഡിറ്റോറിയത്തിലും കോവളത്തിലും കേരള ടൂറിസം വകുപ്പ് നടത്തിയ പരിപാടികളിൽ ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്.

ന്യൂഡൽഹിയിലെ സിരി ഫോർട്ട്,ചിദംബരം,ഗുരുവായൂർ,മൂകാംബിക എന്നീ ക്ഷേത്രങ്ങളിലും നൃത്തം അവതരിപ്പിച്ചു. ഭരതനാട്യത്തിൽ സെന്റർ ഫോർ കൾച്വറൽ റിസോഴ്സസ് ആൻഡ് ട്രെയിനിംഗ് നൽകുന്ന ദേശീയ സ്കോളർഷിപ്പ് ജേതാവാണ്. ജോലി സംബന്ധമായി യു.എസിലേയ്ക്ക് പോയിട്ടും നൃത്തപരിശീലനം തുടർന്നു. തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ ഡിഗ്രിയും ബംഗളൂരു ഐ.ഐ.എമ്മിൽ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്.