തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവയ്‌പ്പെടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലായി ചികിത്സയിലിരിക്കെ മരിച്ച കൃഷ്ണ തങ്കപ്പൻ ഭർത്താവ് ശരത്തിനൊപ്പം ബൈക്കിലാണ് കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയിലെത്തിയത്.
ഒ.പിയിൽ ഡോക്ടറെ കണ്ട ശേഷം അഡ്മിറ്റാകാൻ മൂന്നാം നിലയിലെ വാർഡിലേക്ക് നടന്നാണ് പോയത്. തുടർന്നാണ് കുത്തിവയ്പ്പെടുത്തതും അബോധാവസ്ഥയിലായതും. മരുന്ന് മാറി നൽകിയ ചികിത്സാപ്പിഴവാണെന്ന് ബന്ധുക്കൾ ആരോപിക്കുമ്പോൾ അപൂർവമായി ഉണ്ടാകുന്ന മാരകമായ അലർജിയാകാം മരണകാരണമെന്നാണ് ഡോക്ടർമാരുടെ വാദം.
കൃഷ്ണയെ അഡ്മിറ്റാക്കിയ ശേഷം രക്തപരിശോധനയ്ക്ക് എടുത്ത സാമ്പിളുമായി ശരത് ലാബിലേക്ക് പോയി. പാതിവഴിയിൽ വച്ച് ശരത്തിനോട് മറ്റൊരു നഴ്സ് ലാബിൽ പോകേണ്ടതില്ലെന്നും അഡ്മിറ്റായ രോഗിയുടെ സാമ്പിൾ അവിടെ വന്ന് എടുക്കുമെന്നും പറഞ്ഞു.
ഇതുകേട്ട് ശരത് തിരികെ വാർഡിലേക്ക് നടക്കുന്നതിനിടെ ഒരാൾ പിന്നാലെ ഓടിയെത്തി ഇപ്പോൾ വന്ന രോഗിയുടെ ബന്ധുവല്ലേ, പെട്ടെന്ന് അകത്തേക്ക് ചെല്ലാൻ പറഞ്ഞു. ശരത് എത്തിയപ്പോൾ അബോധാവസ്ഥയിലായ കൃഷ്ണയ്ക്ക് ചുറ്റും ഡോക്ടർമാരും മറ്റ് രോഗികളും ബന്ധുക്കളും നിൽക്കുന്നതാണ് കണ്ടത്. കുത്തിവയ്‌പ്പെടുത്തതോടെ കൃഷ്ണ അസ്വസ്ഥയായിരുന്നു. ആസ്‌ത്മ പ്രശ്നങ്ങളുള്ള കൃഷ്ണ സ്വന്തമായി ഇൻഹെയിലർ ഉപയോഗിച്ചു. പിന്നാലെ അബോധാവസ്ഥയിലായി.
കണ്ണും നാവും ചുണ്ടും ഉൾപ്പെടെ നീലനിറത്തിലായി. ശരത് സാമ്പിളുമായ പോയ സമയം കൃഷ്ണയ്ക്ക് കുത്തിവയ്‌പ്പെടുത്തെന്നാണ് പരാതി. ഉടൻ വെന്റിലേറ്ററുള്ള ആംബുലൻസിൽ ഡോക്ടർമാരും നഴ്സുമാരും ചേർന്ന് മെഡിക്കൽ കോളേജിലെത്തിച്ചു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കും വെന്റിലേറ്ററിലേക്കും മാറ്റി. കുത്തിവയ്പ്പ് എടുക്കുന്നത് വരെ കൃഷ്ണയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ശരത് പറഞ്ഞു.
നൽകിയത് പാന്റോപ്രസോൾ
കൃഷ്ണയ്ക്ക് പ്രാഥമിക ചികിത്സയുടെ ഭാഗമായി ഉദരസംബന്ധമായ രോഗങ്ങൾക്ക് സാധാരണ നൽകുന്ന പാന്റോപ്രസോൾ മാത്രമാണ് നൽകിയതെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ വ്യക്തമാക്കി. ട്രിപ്പായാണ് മരുന്ന് നൽകിയത്. ഏതൊരു മരുന്നിനും സംഭവിക്കാവുന്ന ദ്രുതഗതിയിൽ ഉണ്ടാകുന്ന മാരകമായ ഒരു അലർജി (അനാഫൈലാക്‌സിസ്) ആകാം സംഭവിച്ചത്.
വാക്‌സിനുകളും മരുന്നുകളും മാത്രമല്ല ചില ഭക്ഷണങ്ങളോടു പോലും അലർജി കാരണമുള്ള അടിയന്തര പ്രതികരണമായി ഇങ്ങനെ സംഭവിക്കാം. ഇതിനെ ചികിത്സാ പിഴവായി വ്യാഖ്യാനിക്കരുത്. ഈ അവസ്ഥ സംഭവിച്ച രോഗിക്ക് അടിയന്തരഘട്ടത്തിൽ നൽകേണ്ട എല്ലാ പരിചരണവും ആശുപത്രിയിൽ നിന്നും നൽകിയെന്നും കെ.ജി.എം.ഒ.എ വിശദീകരിക്കുന്നു.
സർക്കാർ ഉത്തരവ് പ്രകാരമുള്ള വിദഗ്ദ്ധ സമിതി പരിശോധിച്ചശേഷം മാത്രമാണ് ഡോക്ടറുടെ വീഴ്ച തീരുമാനിക്കുന്നതെന്നും അതിന് മുമ്പേ ഡോക്ടർ കുറ്റവാളിയാണെന്നും അറസ്റ്റ് ചെയ്യണമെന്നും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ വേണമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവനും സംസ്ഥാന സെക്രട്ടറി ഡോ.കെ.ശശിധരനും പറഞ്ഞു.
അലർജി പരിശോധന നടത്തിയില്ല
മാരകമായ അലർജിയാകാം മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ ഉൾപ്പെടെ പറയുമ്പോൾ എന്തുകൊണ്ട് കൃഷ്ണയ്ക്ക് അലർജി പരിശോധന നടത്തിയില്ലെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ പാന്റോപ്രസോൾ എന്ന മരുന്ന് സാധാരണ നൽകുമ്പോൾ അലർജി പരിശോധന നടത്താറില്ലെന്നും അത് പ്രായോഗികല്ലെന്നുമാണ് ഡോക്ടർമാരുടെ വാദം. മറ്റുമരുന്നുകൾക്ക് അലർജിയുണ്ടെന്ന് പറയുന്നവർക്ക് മാത്രമാണ് സൂക്ഷമായ അലർജി പരിശോധനയ്ക്കായി ടെസ്റ്റ് ഡോസ് നൽകുന്നതെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.