തിരുവനന്തപുരം: സർവീസിൽ നിന്ന് പിരിച്ചുവിട്ട വർക്കല അയിരൂർ സ്‌റ്റേഷനിലെ മുൻ സ്‌റ്റേഷൻഹൗസ് ഓഫീസർ ആർ. ജയസനിൽ അമിതമായ അളവിൽ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
പാളയം പൊലീസ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ജയസനിൽ പിരിച്ചുവിട്ട് ഒരുവർഷമാകുമ്പോഴും ഇവിടം ഒഴിഞ്ഞിരുന്നില്ല. ഇന്നലെ ഇയാളെ ഫോണിൽ കിട്ടാതായതോടെ ഭാര്യയാണ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന മറ്റുള്ളവരെ വിവരമറിയിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ ഇന്നലെ രാത്രി 9ഓടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജ കേസ് ചമച്ചതിനും ഗുരുതര അച്ചടക്കലംഘനത്തിനുമാണ് ഇയാളെ പിരിച്ചുവിട്ടത്. റിസോർട്ട് നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിനെ തുടർന്നായിരുന്നു ജയസനിൽ അവർക്കെതിരെ വ്യാജകേസ് കെട്ടിച്ചമച്ചത്.

കസ്റ്റഡിയിലുള്ളയാളെ പീഡിപ്പിച്ചെന്ന പരാതിയും ഇയാൾക്കെതിരെ ഉണ്ടായിരുന്നു. ജോലിയിൽ നിന്നും പിരിഞ്ഞാൽ ആറുമാസം വരെ ക്വാർട്ടേഴ്‌സ് ഉപയോഗിക്കാമെന്നാണ് വ്യവസ്ഥ.