hi

കല്ലറ: നാട്ടിൻപുറത്തും ഡ്രാഗൺ ഫ്രൂട്ട് വിളവൊരുക്കി മാതൃകയാവുകയാണ് പ്രവാസി ദമ്പതികൾ. കല്ലറ- തൊളിക്കുഴി റോഡിൽ കുന്നിൽക്കടയിൽ ജ്യോതിസിൽ രവീന്ദ്രൻ പിള്ള- രമാദേവി ദമ്പതികളാണ് ഒരേക്കറിൽ ഡ്രാഗൺ ഫ്രൂട്ട് തോട്ടം നിർമ്മിച്ചിരിക്കുന്നത്. 35 വർഷം പ്രവാസിയായിരുന്ന രവീന്ദ്രൻ പിള്ള രണ്ടര വർഷം മുമ്പ് നാട്ടിലെത്തിയാണ് കൃഷിയിലേക്ക് തിരിഞ്ഞത്.

ഗൾഫിൽ പരിചിതമായ ഡ്രാഗൺ ഫ്രൂട്ട് തന്നെ കൃഷിക്ക് തിരഞ്ഞെടുക്കുകയായിരുന്നു. സ്വന്തം പുരയിടത്തിലെ റബർ മരങ്ങൾ മുറിച്ചുമാറ്റി കൃഷി ചെയ്തത് വെറുതെയായില്ല. റബറിനെക്കാൾ ആദായം ലഭിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. തോട്ടത്തിന്റെ ഭംഗി കണ്ട് വഴി യാത്രക്കാർ ഉൾപ്പെടെ വാഹനം നിറുത്തി ഫ്രൂട്ട് വാങ്ങുന്നുണ്ട്. വിളയാകുമ്പോൾ തന്നെ ബുക്ക് ചെയ്യുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ മാർക്കറ്റിന് വേണ്ടി ഇവർക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. കൃഷിക്കൊപ്പം എഴുത്തുകാരി കൂടിയാണ് രമാദേവി. മണൽക്കാറ്റിൽ അടരാത്ത മഞ്ഞു പൂക്കൾ എന്ന കഥാ സമാഹാരവും കവിതയല്ലിത് ഹൃദയമാണ് എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 പോഷക വീരൻ നാട്ടിലും

നിരവധി പോഷക സമൃദ്ധമായ ഡ്രാഗൺ ഫ്രൂട്ടുകളിൽ റെഡ് ഡ്രാഗണാണ് രവീന്ദ്രൻപിള്ള കൃഷി ചെയ്യുന്നത്. ചാണകവും എല്ലു പൊടിയും തുടങ്ങി ജൈവ വളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ രുചിയിലും മുന്നിൽ നിൽക്കും. മേയ് -ഒക്ടോബർ മാസങ്ങളിലാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ സീസൺ, നാല് വർഷം ആകുമ്പോൾ പൂർണ വളർച്ചയെത്തി വിളവെടുക്കാം. ഒരു സീസണിൽ ഒരു ചുവടിൽ നിന്നും 15 കിലോ വരെ വിളവെടുക്കാം. ആൻഡി ഓക്സിഡന്റുകൾ,​ വിറ്റാമിൻ സി,​ പൊട്ടാസ്യം,​ മഗ്നീഷ്യം,​ ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മിതമായ അളവിൽ ഡ്രാഗൺഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.