വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര തൊളിക്കോട് റോഡിൽ അപകടം തുടർക്കഥയാകുന്നു. ചീറിപ്പാഞ്ഞ് വരുന്ന യുവാക്കൾ ചില്ലറ അപകടങ്ങളല്ല ഇവിടെ ഉണ്ടാക്കുന്നത്. ചെറുതും വലുതുമായി നിരവധി അപകടങ്ങൾ ദിനവും പൊൻമുടിയിലെ കാഴ്ചകളാണ്.
ചുള്ളിമാനൂർ പൊൻമുടി റോഡ് നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി അടുത്തിടെ റോഡിന്റെ കുറച്ചുഭാഗം ടാറിംഗ് നടത്തിയിരുന്നു. ഇതോടെയാണ് അപകടം പതിവായത്. റോഡിന്റെ ചിലഭാഗങ്ങൾ ഇപ്പോഴും കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഇത്തരം ഗട്ടറുകളിൽ പതിച്ചും അപകടങ്ങൾ നടക്കുന്നുണ്ട്. തൊളിക്കോട് വിതുര, തൊളിക്കോട് മേഖലയിൽ അപകടങ്ങളുടെ ഗ്രാഫ് കുത്തനെ ഉയർന്നിട്ടും സുരക്ഷാനടപടികളൊന്നും സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം തൊളിക്കോട് പള്ളിക്കു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ചായം സ്വദേശി അജേഷിന് പരിക്കേറ്റു. നേരത്തെ ഇവിടെ കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. മാത്രമല്ല തൊളിക്കോട് ഗവ. ഹൈസ്കൂളിനു സമീപം മാങ്കോട്ടുകോണത്ത് കാർ ഇടിച്ച് ബൈക്ക് യാത്രികനായ പ്രവാസി തത്ക്ഷണം മരിച്ചിരുന്നു. ഇതിന് തൊട്ടുമുൻപ് പേരയത്തുപാറക്ക് സമീപമുണ്ടായ അപകടത്തിലും ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചിരുന്നു സമാനമായ അനവധി സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്.

അമിതവേഗം, അശ്രദ്ധ

അമിതവേഗതയും അശ്രദ്ധയുമാണ് വിതുര തൊളിക്കോട് റൂട്ടിൽ അപകടങ്ങൾ കൂടാൻ കാരണമാകുന്നതെന്നാണ് പരാതി. യുവസംഘങ്ങൾ ബൈക്കുകളിൽ ചീറിപ്പാഞ്ഞുപോകുന്നത് പതിവ് കാഴ്ചയാണ്. ബൈക്കുകളുടെ ഘടനമാറ്റി ഉഗ്രശബ്ദത്തോടെയാണ് ഇവരുടെ യാത്ര. റോഡിൽ ബൈക്ക് റേസിംഗ് സംഘങ്ങളും സജീവമാണ്. വിദ്യാർത്ഥികളടക്കം ലൈസൻസില്ലാത്തവർ വരെ ബൈക്കുകളിൽ പായുന്നുണ്ട്. അമിതവേഗക്കാരെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നൽകിയ പരാതികൾ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ടൂറിസ്റ്റുകളും ബുദ്ധിമുട്ടിൽ

അമിതവേഗം വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിലെത്തുന്ന സഞ്ചാരികൾക്കും തലവേദനയായി മാറിയിട്ടുണ്ട്. പൊൻമുടിയിൽ അവധിദിനങ്ങളിൽ സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഗതാഗഗതക്കുരുക്കും ഉണ്ടാകും. അമിതവേഗതയിൽ പായുന്ന വാഹനങ്ങൾ സഞ്ചാരികളുടെ ദേഹത്തേക്ക് ഇടിക്കാറുമുണ്ട്. പൊൻമുടി കല്ലാർ റൂട്ടിൽ ഇത്തരക്കാരെ പിടികൂടാൻ പരിശോധനകൾ ശക്തമാക്കണമെന്നാണ് ആവശ്യം.