പള്ളിക്കൽ: കാർഷിക ഗ്രാമങ്ങളായ പള്ളിക്കൽ, മടവൂർ മേഖലകളിലെ നിവാസികൾ കാട്ടുപന്നിയാക്രമണ ഭീതിയിൽ. കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വേണ്ടിവന്നാൽ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് ഉണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കൃഷിയിടങ്ങൾ ചവിട്ടിമെതിക്കുന്ന ഇവ വാഹന യാത്രക്കാർക്ക് ഭീഷണിയായിട്ടും ഇവയെല്ലാം നോക്കിനിൽക്കാനേ ജനങ്ങൾക്ക് കഴിയുന്നുള്ളൂ. കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറ്റൂർ കോണം സ്വദേശി ഫർണീച്ചർ ഷോപ്പുടമ പ്രസാദ് മരിച്ചതും ഇവിടെവച്ചാണ്. കടയടച്ച് ഇരു ചക്രവാഹനത്തിൽ വീട്ടിലേക്ക് വരവേ പന്നി വന്നിടിക്കുകയായിരുന്നു. മടവൂർ ആനകുന്നത്ത് പന്നിയിടിച്ച് ആട്ടോറിക്ഷാ ഡ്രൈവർ ദീപു മരിച്ചിട്ടും അധികകാലമായില്ല. കൂടാതെ ഒരു ഡസനിലേറെ പേർ പരിക്കുകളായി കഴിയുന്നുണ്ട്. പാടത്തും പറമ്പിലുമായി വിഹരിക്കുന്ന കാട്ടുപന്നിക്കൂട്ടം ഇറങ്ങി പ്രധാന കൃഷികളായ മരച്ചീനി, ചേന, ചേമ്പ്, വാഴ തുടങ്ങിയവ സ്ഥിരമായി നശിപ്പിക്കുന്നു. പന്നി ശല്യംചെയ്യാത്ത മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയുടെ കൃഷിയിലേക്ക് കർഷകർ തിരിഞ്ഞെങ്കിലും പന്നികൾ ഇപ്പോൾ അതും നോട്ടമിട്ടിരിക്കുകയാണ്.

 കാടിറങ്ങി...

ഇളം പാറക്കോട് വനത്തിലെ യൂക്കാലി മരങ്ങൾ മുറിച്ച് പുതിയവ നടാൻ തുടങ്ങിയതോടെയാണ് അവിടെ തമ്പടിച്ചിരുന്ന കാട്ടുപന്നികൾ കലദിപച്ചയ്ക്കടുത്ത് കുരങ്ങൻപാറയുടെ സമീപത്തും ഇരു പഞ്ചായത്തുകളിലെ സ്വകാര്യ റബർ തോട്ടങ്ങളിലും തമ്പടിക്കാൻ തുടങ്ങിയത്. സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങുന്ന ഈ കാട്ടുപന്നിക്കൂട്ടം വിളകൾ നശിപ്പിക്കുകയും വാഹനയാത്രക്കാരെ ഇടിച്ച് തെറുപ്പിക്കുന്നതും പതിവാണ്.

 മറ്റുമൃഗങ്ങളും

മേഖലയിൽ പന്നിക്കൂട്ടത്തെ കൂടാതെ മുള്ളൻപന്നി, കുരങ്ങുകൾ, മയിലുകൾ എന്നിവയും കർഷകർക്ക് ഭീഷണി ഉയർത്തുന്നുണ്ട്. മയിലുകളുടെ ഉപദ്രവം കുറവാണെങ്കിലും കുരങ്ങുകളും മുള്ളൻപന്നിയും വലിയ തോതിൽ ഗ്രാമീണരെ ശല്യം ചെയ്യുന്നുണ്ട്.

കർഷകർ പല തരത്തിലുള്ള വേലികൾ നിർമ്മിച്ച് തങ്ങളുടെ കൃഷിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും കൂട്ടത്തോടെയെത്തുന്ന പന്നികൾ അതും നശിപ്പിക്കുന്നു. ഇതിന് പരിഹാരം കണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരണം : ആക്രമണകാരികളായ പന്നികളെ വെടിവച്ചു കൊല്ലാനുള്ള അവകാശം കൃഷിക്കാർക്ക് നൽകണം. അഡ്വ.രവീന്ദ്രൻ ഉണ്ണിത്താൻ, ചെയർമാൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി

പ്രതികരണം: ആക്രമണകാരികളായ പന്നികളെ നശിപ്പിക്കുന്നതിനായി കർഷകർക്ക് അവകാശം നൽകണം