road

കുറ്റിച്ചൽ: പണിപൂർത്തിയായി ഒരു വർഷം തികയുന്നതിന് മുൻപേ കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ കറണ്ടകം ചിറ റോഡ് തകർന്നു. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് കറണ്ടകം ചിറ റോഡ് സൈഡ് വാൾ കെട്ടി പണിപൂർത്തിയാക്കിയത്. ഇതിനായി പത്തര ലക്ഷം രൂപയാണ് മുടക്കിയത്.

പുതുക്കിപ്പണിത റോഡ് കഴിഞ്ഞ മഴയത്ത് താറുമാറായി. റോഡിൽ തോടിനെ വേർപെടുത്തുന്ന കരിങ്കല്ല്ക്കെട്ട് അടിഭാഗം ഇളകി മറിഞ്ഞ് വെള്ളം ഒലിച്ചുപോയി. ഇപ്പോൾ അഗാധ ഗർത്തമാണ്. റോഡിന് പുറത്തെ സൈഡ് വാൾ കോൺഗ്രീറ്റ് ചെയ്തത് മാത്രം കാണാനുള്ളൂ.

ഏക ആശ്രയം

മാങ്കുടി കറണ്ടകംചിറ-കലശംകോണം ഭാഗത്തേക്കുള്ള റോഡാണ് തകർന്നത്. ഈ പ്രദേശത്തു നിന്നും കോട്ടൂർ ജംഗ്ഷനിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനും, കുട്ടികൾ സ്കൂളുകളിലേക്ക് പോകുന്നതിനുമുള്ള ഏക ആശ്രയമാണ് ഈ റോഡ്. റോഡിന്റെ ഇരുവശങ്ങളിലും താഴ്ന്ന വയൽ പ്രദേശമായതിനാൽ മഴക്കാലം ആകുമ്പോൾ വെള്ളക്കെട്ടുണ്ടാകും. വെള്ളക്കെട്ടിൽ നിന്നും യാത്രക്കാരെ രക്ഷിക്കുന്നതിനു വേണ്ടിയാണ് അടിയന്തരമായി പഞ്ചായത്ത് തുക അനുവദിച്ച് പണി പൂർത്തിയാക്കിയത്.എന്നാൽ ഇരുചക്രവാഹനങ്ങൾക്കു പോലും കടന്നുപോകാൻ കഴിയാത്തവിധം ചെളിയും മണ്ണും കൊണ്ട് നിറഞ്ഞതും അടിഭാഗം പൊളിഞ്ഞു മാറി കുഴികൾ വീണ് അപകടാവസ്ഥയിലായി.

അറ്റകുറ്റപ്പണികൾ ചെയ്യണം

കോൺട്രാക്ടർ പണി പൂർത്തിയാക്കി സ്ഥലംവിട്ടു. കോൺട്രാക്ട് വർക്കുകൾ പരിശോധിക്കുന്നതിനും അവ കുറ്റമറ്റ രീതിയിൽ നടപ്പിൽവരുത്തുന്നതിനും പഞ്ചായത്തിലെ സിവിൽവിഭാഗം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും അവർ കണ്ടില്ലെന്നു നടിക്കുന്നതായി നാട്ടുകാർ പറയുന്നു. അവശേഷിക്കുന്ന റോഡിന്റെ ഭാഗം കൂടി തകർന്നാൽ ഈ പ്രദേശം ജനങ്ങളിൽ നിന്നും ഒറ്റപ്പെടുന്ന സ്ഥിതിയിലാകും. അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണി കോൺട്രാക്ടറെ കൊണ്ട് ചെയ്യിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.