വെമ്പായം: ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങൾ റെയിൽവേയുടെ ചൂളം വിളിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. ഓരോ തിരഞ്ഞെടുപ്പിലെയും രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മലയോര റെയിൽവേ. എന്നാൽ ഇത് ഓരോ പ്രാവശ്യവും വാഗ്ദാനവും ജനങ്ങളുടെ സ്വപ്നവുമായി മാത്രം തുടരുന്നു.

മലയോര റെയിൽവേ എന്ന പദ്ധതി നടപ്പായാൽ ചെന്നൈക്കും, മഥുരയ്ക്കും, തൂത്തുക്കുടിക്കും ശിവകാശിക്കുമൊക്കെ പോകാനുള്ള ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗമായേനെ. ഇപ്പോൾ തെന്മല വരെ ബ്രോഡ്ഗേജ് റെയിൽപാതയുണ്ട്. അവിടെ നിന്നും പാത പാലോട്-നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്ക്‌ നീട്ടുകയാണെങ്കിൽ തിരുവനന്തപുരത്തു നിന്ന് ചെന്നൈക്കുള്ള ഏറ്റവും എളുപ്പമാർഗ്ഗമാകും ഇത്.

 മലയോര റെയിൽ വേ പദ്ധതി ആവിഷ്കരിച്ചിട്ട്........

 ഏറെ ആശ്രയം...

തെന്മല നിന്നും പാലോടു വഴി 60 കിലോമീറ്റർ പുതിയ പാതയുണ്ടാക്കിയാൽ മതി. ഏറ്റവും തിരക്കുള്ള മലയോരപാതയാകും അത്. ഇപ്പോഴുള്ള തിരുവനന്തപുരം-കൊല്ലം-കൊട്ടാരക്കര-പുനലൂർ വഴിയുള്ള പാതയെക്കാൾ 80 കിലോമീറ്റർ ദൂരം കുറവാണ്. തിരുവനന്തപുരം ചെന്നൈ യാത്രക്കാർക്കും നെടുമങ്ങാട്, കല്ലറ, പാലോട്,​ മടത്തറ, കുളത്തൂപ്പുഴ സ്ഥലങ്ങളിലുള്ള മലയോര പ്രദേശത്തെ യാത്രക്കാർക്കും വലിയൊരനുഗ്രഹമായേനെ ഇത്.

അനുമതി കാത്ത്

ജില്ലയിൽ ട്രെയിൻ ഗതാഗതം ഇല്ലാത്ത നെടുമങ്ങാട്, പാലോട്, കല്ലറ പ്രദേശങ്ങൾക്ക് ഒരു വികസന കുതിപ്പാകും ഈ മലയോര പാത. വർഷങ്ങൾക്ക് മുമ്പ് ശബരി റെയിൽപ്പാതയുടെ ഭാഗമായി നെടുമങ്ങാട് വഴി പുതിയ മലയോര ലൈൻ സ്ഥാപിക്കാൻ സതേൺ റെയിൽവേ അനുമതി നൽകുകയും അതിന്റെ സർവേ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഇതുകൂടി സാദ്ധ്യമായിരുന്നെങ്കിൽ എരുമേലി-പുനലൂർ-തിരുവനന്തപുരം, പേരിനാട്, പത്തനാപുരം, പത്തനംതിട്ട, ചണ്ണപ്പേട്ട, ഭരതന്നൂർ, നെടുമങ്ങാട്, മുതുവിള, പൗഡിക്കോണം റയിൽ പാതയും, മലയോര പ്രദേശങ്ങളുടെ മലയോര റെയിൽവേ എന്ന ചിരകാല അഭിലാഷവും പൂർത്തിയായേനെ.

 ചരക്കുനീക്കം സുഗമമാക്കും

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം കൂടി യാഥാർത്ഥ്യമായതോടെ ഇരു സംസ്ഥാനങ്ങളുമായുള്ള ചരക്കു നീക്കത്തിന് റോഡുഗതാഗതം അപര്യാപ്തമാകും. ചരക്കു നീക്കത്തിനൊപ്പം ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്താനും ചെങ്കോട്ട - തിരുവനന്തപുരം റെയിൽപ്പാത നിർമ്മാണം ഉപകരിക്കും. കൊല്ലം - തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ കുളത്തൂപ്പുഴ - മടത്തറ - പാലോട് - നെടുമങ്ങാട് - കരകുളം വഴി തിരുവനന്തപുരം സെൻട്രലിൽ സംഗമിക്കുന്ന മലയോര റെയിൽപ്പാതയാണ്. പതിറ്റാണ്ടുകൾക്കു മുമ്പ് പുനലൂർ - തെന്മല പാത നിർമ്മാണ ഘട്ടത്തിൽ നിർദ്ദിഷ്ട തിരുവനന്തപുരം മലയോരപാത സജീവ പരിഗണനയിൽ ഉണ്ടായിരുന്നു.

പ്രതികരണം: മലയോര പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ മലയോര റെയിൽവേ എന്ന പദ്ധതിയെ കുറിച്ച് പാർലമെന്റിൽ അവതരിപ്പിക്കും. (അടൂർ പ്രകാശ് എം.പി).