va

വക്കം: മഴക്കാല പൂർവ ശുചീകരണം നടത്താത്തതിനാൽ വക്കം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഓടകളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. റോഡുകൾ വരെ വെള്ളക്കെട്ടായി. ഇടറോഡുകളുടെ കാര്യം പറയുകയും വേണ്ട. അതിന് താഴെയുള്ള ഓടകളുടെ സ്ലാബ് മാറ്റി മണ്ണും മറ്റും മാറ്റാത്തതിനാൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെറ്റുപെരുകുകയാണ്. കൊതുകും കൂത്താടിയും നിറഞ്ഞതോടെ പകർച്ചവ്യാധികൾ പടരുമോയെന്ന ആശങ്കയിലുമാണ് പ്രദേശവാസികൾ. പല സ്ഥലങ്ങളിലേയും വെള്ളക്കെട്ടിന് പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

നിലയ്ക്കാമുക്ക് മുതൽ ആങ്ങാവിളവരെയുള്ള റോഡിന് ഇരുവശം റോഡ് നവീകരണത്തിന്റെ ഭാഗമായി ഓടയുടെ ഉയരം വർദ്ധിപ്പിക്കുന്ന പണി നടന്നപ്പോഴും ഓടയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. മാലിന്യ നിർമ്മാജ്ജനത്തിനും ശുചീകരണത്തിനുമായി ലക്ഷങ്ങൾ ബഡ്ജറ്റിൽ വകയിരുത്തുമെങ്കിലും അവയൊന്നും വെളിച്ചംകണ്ടില്ല. ഇതുമായി ബന്ധപ്പെട്ട് വക്കം ഗ്രാമപഞ്ചായത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു പ്രയോജനമില്ലെന്നും ദേശവാസികൾ ആരോപിച്ചു.