നെയ്യാറ്റിൻകര: അരുവിപ്പുറം ക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ ഉടൻ പൂർത്തിയാകും. സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനങ്ങളെടുത്തു. 500 പേർക്ക് ഒരേസമയം ബലിതർപ്പണം നടത്തുന്നതിനുള്ള സൗകര്യമൊരുക്കും. ക്ഷേത്ര പരിസരത്തും നദിക്കരയിലും പ്രത്യേകം ബാരിക്കേടുകൾ സ്ഥാപിക്കുകയും വനിതാ പൊലീസ് അടക്കം ആവശ്യമായ സേനയെ വിന്യസിക്കുകയും ചെയ്യും. പാർക്കിംഗിന് പ്രത്യേക സൗകര്യമൊരുക്കും. എക്സൈസ് വകുപ്പിന്റെ പ്രത്യേക നിരീക്ഷണം രണ്ടു ദിവസം മുമ്പ് ആരംഭിക്കും. ഫയർ ഫോഴ്സിന്റെ സേവനവും ഉറപ്പുവരുത്തും. ആംബുലൻസ് സൗകര്യത്തോടെ ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ടീം ക്ഷേത്രാങ്കണത്തിൽ പ്രവർത്തിക്കും. വാട്ടർ അതോറിട്ടിയുടെ നിയന്ത്രണത്തിൽ ശുദ്ധജല വിതരണവും വൈദ്യുതി വകുപ്പിനു കീഴിൽ മുടങ്ങാതെ വൈദ്യുതിയും എത്തിക്കും. നെയ്യാറ്റിൻകര നഗരസഭയും പെരുങ്കടവിള പഞ്ചായത്തും സംയുക്തമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
ക്ഷേത്രാങ്കണത്തിൽ റവന്യു, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവയുടെ കൺട്രോൾ റൂം പ്രവർത്തിക്കും. സുരക്ഷ ഒരുക്കാത്ത സ്ഥലങ്ങളിൽ ബലിതർപ്പണം നിയന്ത്രിക്കാനും, ആഗസ്റ്റ് 3ന് രാവിലെ 4 മുതൽ ബലിതർപ്പണം ആരംഭിക്കാനും തീരുമാനിച്ചു.
ഡെപ്യൂട്ടി കളക്ടർമാരായ ജേക്കബ് ബി.ടി.ജോർജ്, ആർ.എസ്.ബിജുരാജ്. നെയ്യാറ്റിൻകര തഹസിൽദാർ വിനോദ് കുമാർ.ജി, ഡിവൈ.എസ്.പി എസ്.ഷാജി, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, എസ്.എൻ.ഡി.പി നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.