വെള്ളറട: മലയോരത്തെ പ്ളാവുകളിൽ വ്യാപകമായി ചക്ക ലഭിക്കാൻ തുടങ്ങിയത് കർഷകർക്ക് നേരിയ ആശ്വാസത്തിന് വഴി നൽകുന്നു. അന്യസംസ്ഥാനങ്ങളിൽ ചക്ക ഇഷ്ടഭക്ഷണമായി മാറിയതോടെ നിരവധി ലോറി ചക്കയാണ് അതിർത്തി ഗ്രാമങ്ങളിൽ നിന്നും കയറ്റി അയയ്ക്കുന്നത്. നമ്മുടെ നാട്ടിൽ ചക്ക സുലഭമായി ലഭിക്കുമ്പോൾ അത് വേണ്ടവിധം വിനിയോഗിക്കാൻ തയ്യാറാകാത്തതാണ് കയറ്റുമതിക്ക് ഇടയാക്കുന്നത്.
പ്ളാവിൽ കളവന്നു തുടങ്ങിയാൽചക്കതേടി എത്തുന്ന കച്ചവടക്കാർ ചക്കയുടെ എണ്ണം കണക്കാക്കി ഉടമയ്ക്ക് നേരിയ വില നേരത്തേതന്നെ നൽകി മടങ്ങും. പിന്നീട് ചക്ക പാകമാകുമ്പോൾ ചെറുവാഹനങ്ങളിൽ ചക്കയിടാൻ ആളുമായെത്തി കയറ്റികൊണ്ടു പോകും. അതിർത്തിയിൽ പ്രത്യേകം നിശ്ചയിച്ച സ്ഥലത്ത് നിരവധി ചെറുവാഹനങ്ങളിൽ ചക്കകളുമായി എത്തും.
ലോഡ് കണക്കിന് ചക്ക
വെള്ളറടയ്ക്കു സമീപം മലയൻകാവിൽ നിന്നും ദിനംപ്രതി ലോറികളിൽ ലോഡുകണക്കിന് ചക്കയാണ് അതിർത്തി ചെക്കുപോസ്റ്റ് കടന്ന് അന്യ സംസ്ഥാനങ്ങളിൽ എത്തുന്നത്. പ്രത്യേകം ലോറികളിൽ സംവിധാനം ഒരുക്കിയാണ് ചക്ക കൊണ്ടുപോകുന്നത്. ചൂട് അടിച്ച് കേടാകാതിരിക്കുന്നതിനും ഓലകൾ കൊണ്ട് മറച്ചാണ് ലോഡ് കയറ്റി വിടുന്നത്. തീരെ പഴുക്കാൻ പരുവമായ ചക്കകൾ കൊണ്ടുപോകാറില്ല. അതിന് വിലയും കാര്യമായി ലഭിക്കാറുമില്ല.
ആവശ്യക്കാർ ഏറെ
ഇരുപതും മുപ്പതും രൂപയാണ് പ്ളാവിൽ നിൽക്കുമ്പോൾ കർഷകന് ഒരെണ്ണത്തിന് ലഭിക്കുന്ന വില. ചക്കവാങ്ങാൻ എത്തുന്നതും ദൂരസ്ഥലങ്ങളിൽ നിന്നുള്ളവരാണ്. പ്ളാവിൽ നിന്നും ചക്കയിടാൻ ഇപ്പോൾ അന്യസംസ്ഥാന തൊഴിലാളികളും വ്യാപകമായി എത്തുന്നുണ്ട്.
വാനരന്മാരെത്തുന്നു
എന്നാൽ പ്ളാവിൽ നിന്ന് ചക്ക വിള അടക്കാമെന്ന് കർഷകൻ വിചാരിച്ചാൽ നടക്കുകയില്ല. കാട്ടിൽ നിന്നും എത്തുന്ന വാനരൻമാർ ഇവ വ്യാപകമായി ഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. ഇതു കാരണം പ്ളാവോടുകൂടി മതിച്ച് നൽകുന്നതുകൊണ്ട് തുച്ഛമായ വിലയെങ്കിലും കർഷകന് ലഭിക്കുന്നു. ഇപ്പോൾ സീസൺ തീരാറായതുകാരണം കയറ്റി അയ്ക്കുന്ന ലോഡുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.