port

തിരുവനന്തപുരം: കേന്ദ്രബഡ്‌ജറ്റിൽ വിഴിഞ്ഞം തുറമുഖ വികസനത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യം. 2028ൽ തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ രാജ്യത്തെ കണ്ടെയ്നർ ബിസിനസ് കേന്ദ്രമായി കേരളം മാറും. പാക്കേജ് അനുവദിച്ചാൽ തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികൾ സംസ്ഥാന ബഡ്ജറ്റിലുൾപ്പെടുത്തി നടപ്പാക്കാനാവും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം മേഖലകളിൽ ഇതിലൂടെയുണ്ടാകുന്ന സാമ്പത്തികവളർച്ച സംസ്ഥാന വികസനത്തിന് ആക്കംകൂട്ടും.

വിഴിഞ്ഞം വളരുന്നത് തലസ്ഥാനത്തിനും മെച്ചമാണ്. തുറമുഖത്തേക്ക് 1,400കോടി ചെലവിൽ തുരങ്ക റെയിൽപ്പാത, 6,000കോടിക്ക് ഔട്ടർ റിംഗ്‌റോഡ്, ദേശീയപാത താത്കാലിക കണക്ടിവിറ്റിക്ക് 1.7കി.മീ അപ്രോച്ച്റോഡ് എന്നിവ വരും. പൂർണ സജ്ജമാകുന്നതോടെ 10,000കോടിയുടെ നിക്ഷേപം വരും. 5,000 തൊഴിലവസരങ്ങളുണ്ടാവും. 50കോടി ചെലവിൽ തുറമുഖാധിഷ്‌ഠിത തൊഴിൽ പരിശീലനകേന്ദ്രം തുടങ്ങും. തുറമുഖത്തിനുള്ള 8,867കോടിയിൽ 5,595കോടി സംസ്ഥാന വിഹിതമാണ്. 818 കോടി രൂപ മാത്രമാണ് കേന്ദ്രം വഹിക്കുന്നത്. അതിനാൽ തുടർവികസനത്തിന് പാക്കേജ് അനിവാര്യമാണെന്നാണ് സർക്കാർ വാദം.

അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചാൽ തുറമുഖത്തിനു ചുറ്റും സാമ്പത്തിക- വ്യവസായ മേഖലകളുയരും. അസംസ്കൃതവസ്തുക്കൾ എളുപ്പത്തിലെത്തിക്കാമെന്നതിനാൽ വ്യവസായ സാദ്ധ്യതയേറെയാണ്. സ്വകാര്യസംരംഭങ്ങൾ വൻതോതിലുണ്ടാവും. കശുഅണ്ടി, പ്ലൈവുഡ്, ഓട്, ചെരുപ്പ്, തുണിത്തരങ്ങൾ, മത്സ്യ-ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾക്കും കയറ്റുമതിക്കും ഗുണകരമാവും. ഒരു അമ്മക്കപ്പൽ വന്നുപോവുമ്പോൾ ഒരുകോടിയുടെ വരുമാനമാണ് തുറമുഖത്തിനുണ്ടാവുന്നത്. ഒരേസമയം ആറ് കപ്പലുകൾ തുറമുഖത്ത് അടുപ്പിക്കാനാകും.

പാക്കേജ് ലഭിച്ചാൽ

1) തുറമുഖത്തിന്റെ 50കിലോമീറ്റർ ചുറ്റളവിൽ 10,000ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ രൂപീകരിക്കും.

2) സർക്കാർ ചെലവിൽ നികുതി ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും നൽകും. കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങൾ വരും.

3)അന്താരാഷ്ട്ര സ്ഥാപനമായ റിന്യു ഇൻവെസ്റ്റേഴ്സ് 28,500കോടി രൂപയുടെ ഗ്രീൻ ഹൈഡ്രജൻ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. കയറ്റുമതി അധിഷ്ഠിത വ്യവസായമാണിത്.

4)കാറ്റ്, തിരമാല, ഹൈഡ്രജൻ ഉപയോഗപ്പെടുത്തിയുള്ള പുനരുപയോഗ ഊർജ പാർക്കുകളും ചരക്കുനീക്കത്തിന് ലോജിസ്റ്റിക് പാർക്കുകളും വരും.

5)യുവജനങ്ങൾക്കായി നൈപുണ്യപരിശീലന കേന്ദ്രങ്ങൾ വരും. എൻജിനിയറിംഗ്, ഡിപ്ലോമ, ഐ.ടി.ഐ പഠിച്ചവർക്ക് തൊഴിലവസരമേറും.

₹ 20,000 കോടി

2028- 29ൽ പൂർത്തിയാവുമ്പോൾ സംസ്ഥാനവും അദാനിയും ചേർന്നുള്ള നിക്ഷേപം ഇരുപതിനായിരം കോടിയാവുമെന്ന് കരൺഅദാനി.

അദാനിയുടെ വാഗ്ദാനം

മത്സ്യബന്ധന ഹാർബർ
ബങ്കറിംഗ് സൗകര്യം
ഹാർബർ റിംഗ് റോഡ്
സീഫുഡ് പാർക്ക്
ക്രൂയിസ് ടൂറിസം സൗകര്യം
വ്യവസായ ഇടനാഴി
5,500ലേറെ തൊഴിൽ