പാറശാല: കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളായ കൈത്തറി, കയർ, കശുവണ്ടി, മൽസ്യബന്ധനം തുടങ്ങിയവയെ നിലനിറുത്തുന്നതിനൊപ്പം അവയെ പുനരുദ്ധരിച്ച് മുന്നോട്ടു നയിക്കുന്നതിനും അധികാരികൾ മുൻകൈയെടുത്തിട്ടുണ്ട്.
നെയ്യാറ്റിൻകര താലൂക്കിലെ എന്നല്ല തെക്കൻ താലൂക്കുകളിൽ അങ്ങോളമിങ്ങോളമുള്ളതും ഒരു സമുദായത്തിന്റെ ജീവനോപാധിയും പരമ്പരാഗത തൊഴിലുമായ പനകയറ്റിനെയും പനകയറ്റ് വ്യവസായത്തെയും ആരും തിരിഞ്ഞുനോക്കുന്നില്ല.
കായികമായി ഏറെ ശ്രമകരവും അപകടകരമായതുമാണ് കരിമ്പന കയറുന്നത്. എന്നാൽ പനയിൽ നിന്നു വീണ് അപകടപ്പെടുന്നവർക്ക് പരിഗണന ലഭിക്കാറില്ല. പനയിൽ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങളായ അക്കാനി, ശീതള പാനീയമായി ഉപായിക്കാവുന്ന നൊങ്ക് എന്നിവക്ക് പുറമെ അക്കാനി സംസ്കരിച്ചെടുക്കുന്ന പനം കൽക്കണ്ടം കഞ്ഞുങ്ങൾക്കും കരുപ്പുകട്ടി കൊണ്ടുള്ള ഉത്പന്നങ്ങൾ പ്രായമായവർക്കും ഒഴിച്ചുകൂടാനാകാത്തതാണ്.
പനകയറ്റ് വ്യവസായത്തെയും സംരക്ഷിക്കണം
കേരളത്തിന്റെ തെക്കൻ ജില്ലകളിൽ പനക്കൂട്ടങ്ങൾ പരക്കെ കണ്ടിരുന്നതിനാൽ അവയുടെ ഉത്പന്നങ്ങളും സുലഭമായിരുന്നു. മാറി വരുന്ന സർക്കാരുകൾ പനകളെയും പനകയറ്റ് വ്യവസായത്തെയും സംരക്ഷിക്കാതായതോടെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന കുടുംബങ്ങളിലെ അംഗങ്ങൾ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു. പനകയറാൻ ആളില്ലാതെവന്നതു കാരണം ഉപയോഗശൂന്യമായി മാറിയ പനകളെ നാട്ടുകാർ വെട്ടി നശിപ്പിച്ചു.
വ്യാജ ഉത്പന്നങ്ങളും
തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വ്യാജ ഉത്പന്നങ്ങൾക്കൊപ്പം വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ വ്യാജ അക്കാനിയും കരുപ്പുകട്ടിയും പനം കൽക്കണ്ടവും അതിർത്തി കടന്ന് എത്തുന്നത് ഈ രംഗത്ത് പ്രവർത്തിക്കുന്ന ചുരുക്കംപേരെ പ്രതിസന്ധിയിലാക്കുന്നു.
വ്യാജ ഉത്പന്നങ്ങളെ തടയുന്നതിനോ ഇതിനെതിരെ പ്രവർത്തിക്കുന്നതിനോ എക്സൈസോ ഫുഡ് സേഫ്റ്റി അധികൃതരോ തയ്യാറാകുന്നുമില്ല.
പനകയറ്റ് വ്യവസായത്തെ പുരുദ്ധരിച്ച് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കെൽപാം എന്ന പേരിൽ സംസ്ഥാന തലത്തിൽ പ്രത്യേക കോർപ്പറേഷൻ രൂപീകരിച്ച് ചെയർമാനെയും ഡയറക്ടറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ഇതുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ല. ഫണ്ടുകൾ ചെലവാക്കാമെല്ലാതെ യാതൊന്നും നടക്കുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
സംഘങ്ങൾ കുറവ്
പനകയറ്റു തൊഴിലാളികളുടെ ജില്ലാതല സഹകരണ സംഘങ്ങളുടെ കൂട്ടായ്മയായ പാംകൂർ ഡെവലപ്മെന്റ് ഫെഡറേഷൻ പാറശാലയിൽ പ്രവർത്തിച്ചുവരുന്നുണ്ടെകിലും 14 സംഘങ്ങളുടെ കൂട്ടായ്മ വെറും മൂന്നോ നാലോ സംഘങ്ങളായി ചുരുങ്ങിയിട്ടുണ്ട്. സർക്കാരിൽ നിന്നുള്ള ധനസഹായങ്ങളോ പ്രോത്സാഹനങ്ങളോ ലഭിക്കാത്തതാണ് അംഗങ്ങൾ കൊഴിഞ്ഞുപോകുന്നതിന് പിന്നിൽ.
പനകയറ്റ് വ്യവസായത്തെ സംരക്ഷിക്കുന്നതിനായി സർക്കാർ പ്രത്യേക പദ്ധതികൾ തയ്യാറാക്കണം. മേഖലയിലെ തൊഴിലാളികളെ സഹായിക്കുന്നതിനായി പ്രത്യേക പദ്ധതികൾ തയാറാക്കുന്നതോടൊപ്പം പന ഉത്പന്നങ്ങളുടെ സംസ്കരണത്തിനും വിപണനത്തിനുമായി വേണ്ട പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം.
അനീഷ് ആന്റണി, പാംകൂർ ഡെവലപ്മെന്റ് സൊസൈറ്റി, പാറശാല.