1

ശംഖുംമുഖം: റോഡിൽ കൂരിരുട്ട്. ഡിവൈഡറിൽ വളർന്നു പന്തലിച്ച ചെടികളും മരങ്ങളും. കോവളം- ചാക്ക ബൈപ്പാസിലൂടെ അപകടത്തിൽപ്പെടാതെ വണ്ടി ഓടിക്കാൻ ലൈസൻസ് മാത്രം പോര. അല്പം ഭാഗ്യം കൂടി വേണം. ബൈപ്പാസിന്റെ സൗന്ദര്യവത്കരണത്തിനായി ഡിവൈഡറിൽ നട്ടുപിടിപ്പിച്ച ചെടികളും മരങ്ങളുമാണ് കാടുപിടിച്ച് യാത്രക്കാരുടെ ദൂരക്കാഴ്ച മറയ്ക്കുന്നത്. റോഡ് മുറിച്ചു കടക്കുന്നവരെയും വശങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഇടിച്ചുമാണ് ബൈപ്പാസിൽ അപകടങ്ങളേറെയും നടക്കുന്നത്. ഇരുട്ടും ഡിവൈഡറുകളിലെ മരങ്ങളുമാണ് അപകടങ്ങൾക്ക് കാരണം. തൊട്ടടുത്തെത്തുമ്പോഴാണ് റോഡ് മുറിച്ചുകടക്കുന്നവരെയും വാഹനങ്ങളെയും കാണുന്നത്. കരാറുകാർ മരങ്ങളും ചെടികളും വെട്ടിയൊതുക്കുന്നതിൽ കാണിക്കുന്ന അനാസ്ഥയും ബൈപ്പാസിന്റെ അശാസ്ത്രീയ നിർമ്മാണവുമാണ് അപകടങ്ങൾക്ക് വഴിവയ്ക്കുന്നു.

അപകട മുനമ്പ്

ഒരുവർഷത്തിനിടെ ബൈപ്പാസിൽ ഏറ്റവും കൂടുതൽ അപകടം നടന്നത് മുട്ടത്തറ പാലത്തിൽ നിന്ന് ഈഞ്ചയ്ക്കലിലേക്ക് എത്തുന്ന 200 മീറ്റർ പ്രദേശത്താണ്. അപകടവളവും വെളിച്ചമില്ലായ്മയും ചെടികളുമാണ് മിക്ക അപകടങ്ങൾക്കും കാരണം. വെളിച്ചക്കുറവ് കാരണം രാത്രിയിൽ അപകടങ്ങൾക്ക് കാരണമാകുന്ന വാഹനങ്ങളുടെ സി.സി ടിവി ദൃശ്യങ്ങളും കൃത്യമായി പതിയാറില്ല. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ബൈക്ക് തട്ടി റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ തലയിലൂടെ തെട്ടുപിന്നാലെ വന്ന ആംബുലൻസ് കയറിയിറങ്ങി തത്ക്ഷണം മരിച്ചിരുന്നു. സംഭവത്തിൽ യുവാവിനെ ഇടിച്ചിട്ട ബൈക്കിനെ കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.

വേലിയുണ്ട്, പക്ഷേ കാര്യമില്ല

ബൈപ്പാസിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കാതിരിക്കാൻ മദ്ധ്യഭാഗത്തെ ഡിവൈഡറിൽ ഇരുമ്പ് വേലി സ്ഥാപിച്ചുവരികയാണ്. എന്നാൽ പലയിടത്തും റോഡ് മുറിച്ചു കടക്കാൻ തരത്തിൽ സ്ഥലം നൽകിയാണ് വേലി സ്ഥാപിക്കുന്നത്. ഏറ്റവും കൂടുതൽ അപകടം നടക്കുന്ന മുട്ടത്തറ ബിവറേജസിന് മുന്നിൽ കാൽനടയാത്രക്കാർക്ക് തലങ്ങും വിലങ്ങും കടന്നുപോകാൻ സ്ഥലം നൽകിയാണ് വേലി സ്ഥാപിച്ചിരിക്കുന്നത്.