തിരുവനന്തപുരം; ആമയിഴഞ്ചാൻതോട് ഉൾപ്പെടെ നഗരത്തിലെ ജലാശയങ്ങളും പൊതുയിടങ്ങളും മാലിന്യമുക്തമാക്കുന്നതിന് കർശന നടപടികളുമായി നഗരസഭ. ജലസ്രോതസുകളിലും ഓടകളിലും മാലിന്യം വലിച്ചെറിഞ്ഞതിന് സ്‌കൂട്ടർ, ഓട്ടോറിക്ഷ എന്നിവയടക്കം 10 വാഹനങ്ങൾ നഗരസഭ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടിയാരംഭിച്ചു. മാലിന്യം തള്ളിയവർക്കെതിരെ ക്രിമിനൽ വകുപ്പനുസരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മൂന്ന് വർഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകൾ അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഫൈൻ ഈടാക്കി കേസ് അവസാനിപ്പിക്കുന്ന പതിവ് രീതി ഇനിയില്ലെന്ന നിലപാടിലാണ് നഗരസഭ.
ജലാശയങ്ങളിൽ മാത്രമല്ല, ഓടകളിലും മാലിന്യം വലിച്ചറിയുന്നവർക്കെതിരെ നടപടി തുടരുകയാണ്. ഓടകളിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച രണ്ടു പ്രമുഖ സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം നഗരസഭ നടപടിയെടുത്തിരുന്നു.
നേരെ ജലാശയങ്ങളിലേക്ക്
സെപ്ടിക് മാലിന്യം ഓടകളിൽ ഒഴുക്കിയാൽ അതു നേരെ ജലാശയങ്ങളിലാണ് എത്തുന്നത്. ഇതിനാലാണ് ക്രിമിനൽ കേസെടുക്കുന്നത്. പ്രതി ചേർക്കപ്പെടുന്നവരെ റിമാന്റിലാക്കുന്ന വകുപ്പുകൾ ഏറെയുണ്ട്. എന്നാൽ ഭൂരിഭാഗംപേർക്കും നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് നിയമലംഘനം തുടരുന്നതിന് കാരണമെന്ന് നഗരസഭാ സെക്രട്ടറി ജഹാംഗീർ പറഞ്ഞു.
ജൈവ മാലിന്യം ശേഖരിക്കാൻ 29 ഏജൻസികൾ
നഗരാതിർത്തിയിലെ ഹോട്ടലടക്കമുള്ള സ്ഥാപനങ്ങളിലെ ജൈവ മാലിന്യം ശേഖരിക്കുന്നതിന് 29 ഏജൻസികളെ എംപാനൽ ചെയ്തിട്ടുണ്ട്. ലൈസൻസ് ലഭിച്ച ഓരോ ഏജൻസിക്കും 3 വീതം വാർഡുകളാണ് അനുവദിച്ചിട്ടുള്ളത്. മാലിന്യം സംസ്‌കരിക്കാൻ സ്വന്തമായി സംവിധാനമുള്ളവരാണ് ഓരോ ഏജൻസികളും. ഇവരല്ലാതെ അനധികൃതമായി മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളും നഗരസഭയുടെ നിരീക്ഷണത്തിലാണ്. മാലിന്യ സംസ്‌കരണത്തിന് സ്വന്തമായി സംവിധാനമില്ലാത്ത ഇത്തരക്കാർ ശേഖരിക്കുന്ന മാലിന്യങ്ങൾ നദികളിലോ ഒഴിഞ്ഞ പുരയിടങ്ങളിലോ തള്ളുകയാണ് ചെയ്യുന്നത്. ലൈസൻസ് ഇല്ലാതെ മാലിന്യം ശേഖരിച്ച ഒരു ലോറി കഴിഞ്ഞ ദിവസം നഗരസഭയുടെ നൈറ്റ് സ്‌ക്വാഡ് പിടികൂടിയിരുന്നു.
സജീവമായി നൈറ്റ് സ്‌ക്വാഡ്
മാലിന്യ നിക്ഷേപം നടത്തുന്നത് കൂടുതലും രാത്രിയിലായതിനാൽ നിയമലംഘകരെ പിടികൂടാൻ നൈറ്റ് സ്‌ക്വാഡും സജീവമായിട്ടുണ്ട്. മൂന്ന് മേഖല കേന്ദ്രീകരിച്ചാണ് നൈറ്റ് സ്‌ക്വാഡ് പ്രവർത്തിക്കുന്നത്. വനിതാ ഉദ്യോഗസ്ഥരെയും സ്‌ക്വാഡിലേക്ക് പുതുതായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കർശനമായ പരിശോധനയാണ് നഗരത്തിൽ നടക്കുന്നത്.