ചിറയിൻകീഴ്: പെരുമാതുറ- അഴൂർ റോഡിൽ സ്ഥിതി ചെയ്യുന്ന അഴൂർക്കടവ് പാലത്തിന്റെ ഉപരിതലത്തിലെ കോൺക്രീറ്റ് വെയറിംഗ് കോട്ടിൽ ഉണ്ടായിരുന്ന കേടുപാടുകൾ താത്കാലികമായി പരിഹരിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. പാലത്തിന്റെ ഉപരിതലത്തിൽ കോൺക്രീറ്റ് ഇളകിയതിനെപ്പറ്റി നേരത്തേതന്നെ മന്ത്രിയുടെ ഓഫീസിൽ പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഈ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്താൻ നിർദ്ദേശം നൽകിയത്. ഇക്കഴിഞ്ഞ ദിവസം ഷെൽമാർക്ക് ഉപയോഗിച്ച് ഇവിടെ താത്കാലികമായി കേടുപാടുകൾ തീർത്തിട്ടുണ്ട്. തിരുവനന്തപുരം റോഡ്‌സ് സബ് ഡിവിഷന്റെ മേൽനോട്ടത്തിൽ പെരുമാതുറ- അഴൂർ റോഡിന്റെ പുനരുദ്ധാരണത്തിന് ഒന്നര കോടി രൂപയ്ക്ക് ടെൻഡർ ചെയ്തുകഴിഞ്ഞുവെന്നും പണികൾ ഉടനെ ആരംഭിക്കുമെന്നും ഇതിന്റെ ഭാഗമായി പാലത്തിൽ ബിറ്റുമിനസ് വെയറിംഗ് കോട്ട് (ബിസി ഓവർലേ) പ്രവൃത്തികൂടി ചെയ്യുമെന്നും പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊട്ടിപ്പൊളിഞ്ഞ പെരുമാതുറ റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും പാലത്തിലെ കേടുപാടുകളെക്കുറിച്ചും കേരളകൗമുദി ഇക്കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. സ്കൂൾ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്. ടെൻഡർ ചെയ്ത പെരുമാതുറ- അഴൂർ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അധികം വൈകാതെ തന്നെ ആരംഭിച്ച് ഇതു വഴിയുള്ള യാത്ര സുഗമമാക്കണമെന്നാണ് ഇതുവഴിയുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
ടെൻഡർ അനുവദിച്ചത്.........1.5 കോടി