photo

നെടുമങ്ങാട് : കരമനയാറ്റിൽ അകപ്പെട്ടതായി സംശയിക്കുന്ന മുൻ എക്സൈസ് ഉദ്യോഗസ്ഥൻ നെടുമങ്ങാട് പത്താംകല്ല് കൈതവനം വീട്ടിൽ എൻ.കൃഷ്ണപിള്ളയെ (85) രണ്ടാംദിവസവും കണ്ടെത്താനായില്ല. ഇരുമ്പ ദുർഗ്ഗാദേവീക്ഷേത്ര പരിസരത്തെ കടവിലാണ് കൃഷ്ണപിള്ളയ്ക്കു വേണ്ടി ഊർജിതമായ തിരച്ചിൽ നടക്കുന്നത്. നെടുമങ്ങാട് ഫയർഫോഴ്‌സും ചെങ്കൽചൂളയിൽ നിന്നെത്തിയ അഞ്ചംഗ സ്‌കൂബാ ടീമിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ. അരുവിക്കര ജലസംഭരണി തുറന്നതിനാൽ ആറ്റിൽ നല്ല അടിയൊഴുക്കുണ്ട്. വള്ളിപ്പടർപ്പും മുളങ്കാടുകളും തീരമാകെ മൂടിയ നിലയിലാണ്. സംശയമുള്ള ഭാഗങ്ങളിലും ആഴമേറിയ ഇടങ്ങളിലും മുങ്ങൽ വിദഗ്ദ്ധർ വിശദമായി തിരച്ചിൽ നടത്തി.സ്‌കൂബാ ടീമിലെ സിബി,രാഹുൽ എന്നിവരാണ് കയങ്ങളിൽ മുങ്ങിത്തപ്പുന്നത്. സീനിയർ ഫയർ റെസ്ക്യു ഓഫീസറും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുമായ സജീവ് കുമാറും സിവിൽ ഡിഫൻസ് അംഗവും മകളുമായ അശ്വതിയും സ്‌കൂബാ ടീമിലെ അംഗങ്ങളാണ്. നാട്ടുകാരും തിരച്ചിലിൽ സഹകരിക്കുന്നുണ്ട്.കൃഷ്ണപിള്ള പത്താംകല്ല് എൻ.എസ്.എസ് കരയോഗത്തിൽ ദീർഘകാലം പ്രസിഡന്റായിരുന്നു. ഞായറാഴ്ച രാവിലെ കൊച്ചുമക്കൾക്കു വേണ്ടിയുള്ള നേർച്ച തീർക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ഉച്ചകഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് എത്തിയപ്പോൾ, ഇരുമ്പ ദുർഗ്ഗാദേവീക്ഷേത്രത്തിനു സമീപത്തെ കടവിനോടു ചേർന്ന് കാർ കണ്ടെത്തുകയായിരുന്നു. പൂജാ സാമഗ്രികളും ധരിച്ചിരുന്ന മുണ്ടും ഷർട്ടും വണ്ടിയിൽ കണ്ടെത്തി. സോപ്പും ടൂത്ത് ബ്രഷും കുളിക്കടവിലുണ്ടായിരുന്നു. ദർശനം നടത്തുന്നതിന് മുമ്പ് കുളിക്കുന്നതിനിടെ, ഒഴുക്കിൽപ്പെട്ടതാകാമെന്നാണു സംശയം. ഇളവട്ടത്ത് പഞ്ചായത്ത് സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന പരേതയായ ലളിതമ്മ ഭാര്യയാണ്. നന്ദിയോട് എസ്.കെ.വി.എച്ച്.എസ്.എസ് അദ്ധ്യാപിക വൃന്ദ ഏകമകളും വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ അനിൽകുമാർ മരുമകനുമാണ്. ഇന്നലെ വൈകിട്ട് നിറുത്തിയ തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കുമെന്ന് ഫയർഫോഴ്‌സ് നെടുമങ്ങാട് സ്റ്റേഷൻ ഓഫീസർ എസ്.ജയചന്ദ്രൻ അറിയിച്ചു.