തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി യോഗം ചേർന്ന് ഭാര്യയ്ക്കും ഭർത്താവിനും അനധികൃത നിയമനം നൽകിയതായി പരാതി. ഭാര്യയെ ഇ.സി.ജി ടെക്നിഷ്യനായി നിയമിച്ചപ്പോൾ ഭർത്താവിന് വർക്ക്ഷോപ്പിൽ പെയിന്ററായി പുനർനിയമനവും ലഭിച്ചു. ഈമാസം 12ന് ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. വഴിവിട്ട നിയമനത്തിനെതിരെ ആരോഗ്യമന്ത്രി, മുഖ്യമന്ത്രി, ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ കളക്ടർ എന്നിവർക്കാണ് പരാതിയെത്തിയത്. ഇ.സി.ജി നിയമനത്തിന് അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികളാണ് പരാതി നൽകിയത്. രാഷ്ട്രീയ സ്വാധീനമാണ് നിയമനങ്ങൾക്ക് പിന്നിലെന്നും പരാതിയിലുണ്ട്. ഭർത്താവ് വികസന സമിതി വഴി നാലുവർഷമായി ജീവനക്കാരനാണ്. കാത്ത് ലാബിൽ അറ്റൻഡറായും അവിടെനിന്ന് വർക്ക്ഷോപ്പിലേക്കും നിയമിച്ചിരുന്നു. കഴിഞ്ഞ യോഗത്തിൽ ഇയാളെ വെൽഡറാക്കാനുള്ള ആവശ്യമുയർന്നെങ്കിലും മതിയായ യോഗ്യതയില്ലാത്തതിനാൽ അത് സാധിക്കില്ലെന്നും ഉടൻ പെയിന്ററായി നിയമിക്കണമെന്നുമായി. അത് യോഗം അംഗീകരിച്ചു. പിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യയുടെ നിയമന വിഷയവും യോഗം പരിഗണിച്ചു.
ഭാര്യ സമീപകാലത്തായി സൂപ്രണ്ട് ഓഫീസ് മുഖാന്തരം ഇ.സി.ജി ടെക്നീഷ്യനായി എത്തിയിരുന്നു. എന്നാൽ മതിയായ യോഗ്യതയില്ലാത്തതിനാൽ ഇവരെടുക്കുന്ന ഇ.സി.ജി ഫലങ്ങളിലും മറ്റും പിഴവുണ്ടെന്ന് ഡോക്ടർമാർ ഉൾപ്പെടെ പറയുന്നു. ഇവരെ പിരിച്ചുവിടാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് കഴിഞ്ഞ യോഗത്തിൽ ഇവർ വികസന സമിതിയിലെ ജീവനക്കാരിയായി നിയമിക്കപ്പെട്ടത്.