സൂര്യയും കാർത്തിക് സുബ്ബരാജും ഒരുമിക്കുന്ന ചിത്രത്തിന്റെ ഗ്ളിംപ്‌സ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സൂര്യയുടെ പിറന്നാൾ ദിനത്തിൽ പുലർച്ചെ പുറത്തിറക്കിയ ഗ്ളിംപ്‌സ് വീഡിയോ ഇരു കൈയും നീട്ടി ആരാധകർ സ്വീകരിച്ചു. കറുപ്പ് ഷർട്ടും പാന്റ്‌സും ധരിച്ച് സൂര്യ നടന്നുവരുന്നതും തോക്ക് ചൂണ്ടുന്നതുമാണ് ഗ്ളിംപ്സിൽ. മുടിനീട്ടി വളർത്തി, താഴേക്ക് നീട്ടിയ മീശയുമായി വിന്റേജ് ലുക്കിലാണ് സൂര്യ. സൂര്യ 44 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡിൽ അടുത്തിടെയാണ് പൂർത്തിയായത്. സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഉൗട്ടിയിൽ ഉടൻ ആരംഭിക്കും. പൂജ ഹെഗ്ഡെയാണ് നായിക. ജോജു ജോർജ് പ്രതിനായകനായി എത്തുന്നു. ജയറാം ആണ് മറ്റൊരു പ്രധാന താരം . ലവ് ലഫ്‌റ്റർ വാർ എന്നാണ് ടാഗ്‌ലൈൻ. സൂര്യയുടെ ജ്യോതികയുടെയും 2 ഡി എന്റർടെയ്‌ൻമെന്റും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് നിർമ്മാണം.