1

വിഴിഞ്ഞം: ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ആഡംബര കപ്പൽ യാത്രക്ക് വിഴിഞ്ഞം ഒരുങ്ങുന്നു. ഇതിനായി ഐ.എസ്.പി.എസ്.കോഡ്, എമിഗ്രേഷൻ ചെക്ക് പോസ്റ്റ് കോഡ് എന്നിവ ലഭിച്ചിട്ടുണ്ട്, കൂടാതെ വിഴിഞ്ഞത്ത് വേണ്ട സുരക്ഷാക്രമീകരങ്ങളും പൂർത്തിയായി. വരും നാളുകളിൽ വിഴിഞ്ഞത്തുനിന്നും ആഡംബര കപ്പൽ യാത്രയ്ക്ക് വഴിതെളിയും. ഇതുസംബന്ധിച്ച് സംരംഭകരുമായി കൂടിക്കാഴ്ച നടന്നു. മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 19ന് എറണാകുളത്തു നടന്ന മീറ്റിംഗിൽ 12 സംരംഭക സ്ഥാപനങ്ങളിൽനിന്നും 15 ഓളം പേർ പങ്കെടുത്തതായാണ് അധികൃതർ വ്യക്തമാക്കുന്നത്. പദ്ധതി വിജയകരമായാൽ കൂടുതൽ രാജ്യങ്ങളിലേക്കും കപ്പൽ സർവീസ് ആരംഭിക്കും. ഇതിനു മുന്നോടിയായി നടന്ന സംരംഭക ചർച്ചയിൽ പങ്കെടുത്തവരിൽ നിന്നും താല്പര്യപത്രം സമർപ്പിക്കാൻ ആവശ്യപെട്ടിട്ടുണ്ട്.

ടൂറിസത്തിന് നേട്ടം

ആഡംബരക്കപ്പൽ എത്തുന്നതോടെ കോവളം ഉൾപ്പെടെയുള്ള ടൂറിസ്റ്റുകേന്ദ്രങ്ങൾക്ക് ഉണർവേകുമെന്നാണ് പ്രതീക്ഷ. അവസാനമായി സിൽവർ ഡിസ്കവറർ എന്ന ആഡംബര കപ്പലാണ് 2019 ൽ 101 വിദേശ സഞ്ചാരികളുമായി തീരത്ത് അടുത്തത്. മലയാളിയടക്കം അഞ്ച് ഇന്ത്യക്കാർ കപ്പലിലുണ്ടായിരുന്നു. വലിപ്പക്കൂടുതൽ കാരണം പുറംകടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്നും സഞ്ചാരികളെ ഡിങ്കി ബോട്ടിൽ കരയിൽ എത്തിക്കുകയായിരുന്നു. ജീവനക്കാരടക്കം 213 പേർ കപ്പലിലുണ്ടായിരുന്നു. കൊവിഡ് ബാധയെത്തുടർന്ന് ആഡംബരക്കപ്പൽ സർവീസ് നിലച്ചപ്പോൾ താത്കാലികമായി ക്രൂ ചെയ്ഞ്ച് ഇവിടെ നടന്നിരുന്നു.

ഉൾനാടൻ യാത്രയും

വിഴിഞ്ഞത്തുനിന്നുള്ള ആഡംബരക്കപ്പൽ സർവീസിനൊപ്പം ഉൾനാടൻ ജലാശയ കപ്പൽസർവീസും നടത്താൻ ആലോചനയുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ നദികളും കായലുകളും കേന്ദ്രീകരിച്ചാണ് ആഡംബരയാത്ര പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

 വലിയ കപ്പലുകൾ അടുക്കാനായി തുറമുഖ മൗത്തിലും പുതിയ വാർഫിലും ഡ്രെഡ്ജിംഗ് നടത്തേണ്ടിവരും.

 വിഴിഞ്ഞത്തുനിന്നു ശ്രീലങ്ക, മാലി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ട ആഡംബരകപ്പൽ യാത്ര നടത്താൻ ആലോചന

 ഒപ്പം കൊല്ലത്തു നിന്നും ബേപ്പൂർ, മംഗളൂരു യാത്രയ്ക്കും പദ്ധതി