തിരുവനന്തപുരം:പൂവാറിലെ സിനി കഫേ റെസ്റ്റോറന്റിൽ കസ്റ്റമറെ സ്വീകരിക്കാനും ഓർഡർ ചെയ്ത ഭക്ഷണം തീൻമേശയിൽ എത്തിക്കാനും രണ്ട് റോബോട്ടുകൾ റെഡിയാകുന്നു. ഒന്ന് തട്ടമിട്ട നാടൻ സുന്ദരി. മറ്റേത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമയിലെ റോബോട്ടിനെ പോലെയും.

വാതിൽ തുറന്ന് കയറുന്ന കസ്റ്റമറെ ആദ്യം സ്വാഗതം ചെയ്യും. തുടർന്ന് ഇരിക്കുന്ന കസ്റ്റമറുടെ അരികിൽ മെനുകാർഡുമായി എത്തും. മെനുകാർഡ് എടുത്താൽ കസ്റ്റമറുടെ അനുവാദത്തോടെ നീങ്ങും. ഓഡർചെയ്ത ഭക്ഷണവുമായി എത്തി, ഭക്ഷണത്തിന്റെ പേര് പറയും. നമ്മൾ തന്നെ ഭക്ഷണം വാങ്ങിവയ്‌ക്കണം. ആശംസ നേർന്ന് അടുത്ത കസ്റ്റമറിലേക്ക്... വഴിയിൽ ആരെങ്കിലും നിന്നാൽ റോബോട്ടും നിൽക്കും. ​മാറാനുള്ള നിർദ്ദേശവും നൽകും.

നമ്പരുകൾ എഴുതിയ തീൻമേശകളിലേക്ക് ഓട്ടോ നാവിഗേഷൻ ടെക്‌നോളജിയിലാണ് സഞ്ചാരം. പത്ത് ടേബിളുകളിൽ ഭക്ഷണം എത്തിക്കാനുള്ള പ്രോഗ്രാമാണ് നൽകുക.

ഹൈദരാബാദിൽ നിന്ന് എത്തിച്ച റോബോട്ടുകൾക്ക് നാല് ലക്ഷം വീതമാണ് വില.

തലസ്ഥാനത്ത് ആദ്യമാണ് കസ്റ്റമറെ ആകർഷിക്കാനുള്ള പരീക്ഷണം.

ഒരേക്കറിലാണ് കഫേ. ഇപ്പോൾ ട്രയലിലാണ്. റോബോട്ടിന്റെ നിർദ്ദേശങ്ങൾ പ്രോഗ്രാം ചെയ്ത് ഈ മാസം അവസാനം ഉദ്ഘാടനം. കേരളത്തിലെ ആദ്യ ഡോം തിയേറ്റർ,​ കുട്ടികൾക്ക് കളിസ്ഥലം,​ ഔട്ട്‌ഡോർ ഇവന്റ് ഏരിയ,​ ജംഗിൾ തീം പ്രൈവറ്റ് ഫുഡ് ഏരിയ, ​സെൽഫി സ്പോട്ട് എന്നിവയും ഉണ്ട്. സോനു എസ്. രാജു, മാർഷ്വൽ കണ്ണിംഗ് ഹാം എന്നിവരാണ് ഉടമകൾ.

സവിശേഷതകൾ

പ്രവർത്തനം ബാറ്ററിയിൽ

ഇംഗ്ളീഷിലാണ് സംസാരം

4 മണിക്കൂറിൽ ചാർജാവും

19 മണിക്കൂർ ജോലി ചെയ്യും

പാർട്ടികളിലും ഇവന്റുകളിലും ആശംസ പറയും

വഴികാട്ടാൻ പ്രോഗ്രാമും സെൻസറും ക്യാമറയും

10 കിലോ ഭക്ഷണസാധനങ്ങൾ വഹിക്കും

നാടൻ പേരുകളാകും റോബോട്ടുകൾക്ക് നൽകുക. നാടൻ ലുക്കിലാവും വസ്ത്രധാരണം. കുട്ടികൾക്കും മുതിർന്നവർക്കും കൗതുകമാവും.

--രമേഷ് ബാബു, ചീഫ് ഷെഫ്