തിരുവനന്തപുരം: പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാനാവുംവിധം എക്സൈസിന്റെ ആധുനികവത്കരണത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. അമരവിള എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമാണോദ്ഘാടനം അമരവിളയിലെ ഓഫീസ് അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
മുമ്പുണ്ടായിരുന്ന വെല്ലുവിളികളല്ല ഇന്ന് എക്സൈസ് നേരിടുന്നത്. മയക്കുമരുന്ന് വലിയ വിപത്തായി കേരളത്തിൽ മാറി. നിറം, മണം അല്ലെങ്കിൽ മറ്റേതെങ്കിലും സവിശേഷതകൊണ്ട് എളുപ്പത്തിൽ തിരിച്ചറിയാനാവാത്ത മാരകമായ സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനം തടയണം. ജീവനുതന്നെ വെല്ലുവിളിയാകുന്ന ഘട്ടങ്ങളിലും എക്‌സൈസ് ഉദ്യോഗസ്ഥർ അർപ്പണ മനോഭാവത്തോടെ ദൗത്യം നിറവേറ്റുന്നു. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി 1.30 കോടി രൂപ വിനിയോഗിച്ചാണ് അമരവിള എക്‌സൈസ് കെട്ടിട നിർമാണം ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ ലൈജു.എം.ജി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർമാരായ കല ടീച്ചർ, കെ.സുരേഷ്, ടി.സജുകുമാർ, ജോയിന്റ് എക്‌സൈസ് കമ്മിഷണർ ഡി.ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു. എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ് സ്വാഗതം പറഞ്ഞു.