budjet

രാജ്യം ഒന്നടങ്കം ഉറ്റുനോക്കിക്കൊണ്ടിരുന്ന മൂന്നാംമോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ ജനസംഖ്യയിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ആശ്വാസകരമായി അധികമൊന്നുമില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ നിർമ്മല സീതാരാമൻ തന്നെ അവതരിപ്പിച്ച ഇടക്കാല ബഡ്‌ജറ്റിന്റെ വെറുമൊരു തുടർച്ചയാണ് ഈ സമ്പൂർണ ബഡ്‌ജറ്റ് എന്നും പറയാം. തുടർച്ചയായി ഏഴുതവണ കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ച ഖ്യാതി ധനമന്ത്രി നിർമ്മല സീതാരാമന് അവകാശപ്പെടാം. എന്നാൽ സാധാരണക്കാരെ മാത്രമല്ല, പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്നതുൾപ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളെയും ഏറെ നിരാശപ്പെടുത്തുന്നതായി അവരുടെ ബഡ്‌ജറ്റ് പ്രസംഗം. ഒരു കൂട്ടുകക്ഷി സർക്കാരിന്റെ സകല പരാധീനതകളും ബഡ്‌ജറ്റിൽ കാണാനാവും. സർക്കാരിനെ പിന്തുണയ്ക്കുന്ന കക്ഷികളുടെ സമ്മർദ്ദം ധനമന്ത്രിയെ ഒട്ടൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്.

ബീഹാറിനും ആന്ധ്രയ്ക്കും ലഭിച്ച കോടിക്കണക്കിനു രൂപയുടെ വമ്പൻ പദ്ധതികൾ ഇതിനു തെളിവാണ്. പ്രത്യേക പദവിയും പാക്കേജും അനുവദിക്കണമെന്നായിരുന്നു, പിന്തുണയ്ക്ക് പ്രതിഫലമായി ബീഹാറും ആന്ധ്രയും ആവശ്യപ്പെട്ടിരുന്നത്. പ്രത്യേക പദവി നൽകിയില്ലെങ്കിലും ഉദാരമായ പാക്കേജുകൾ നൽകി ഈ രണ്ടു സംസ്ഥാനങ്ങളെയും ചേർത്തുനിറുത്താൻ മോദി സർക്കാർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പ്രത്യേക പാക്കേജിനും വിവിധ പദ്ധതികൾക്കുള്ള സഹായത്തിനും വേണ്ടി കാത്തിരുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ ധനമന്ത്രി പരിഗണിച്ചതേയില്ല. അതിലുള്ള നിരാശയും പ്രതിഷേധവും സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രകടിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തുനിന്നുള്ള എം.പിമാരും ബഡ്‌ജറ്റ് അവതരണം കഴിഞ്ഞയുടൻ തങ്ങളുടെ നിരാശയും പ്രതിഷേധവും ഒട്ടും മറച്ചുവച്ചില്ല.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നല്ലനിലയിലാണെന്നതിന്റെ കണക്ക് അവതരിപ്പിച്ചുകൊണ്ടായിരുന്നു ബഡ്‌ജറ്റ് അവതരണത്തിന്റെ തുടക്കം. പണപ്പെരുപ്പം മൂന്നു ശതമാനത്തിനു തൊട്ടുമുന്നിൽ പിടിച്ചുനിറുത്താനായതും ധനക്കമ്മി കുറയ്ക്കാനായതും നേട്ടമായി. എടുത്തുപറഞ്ഞെങ്കിലും ജനങ്ങളെ പൊറുതിമുട്ടിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമുള്ള ക്രിയാത്മക പരിപാടികൾ മുന്നോട്ടുവയ്ക്കാൻ ധനമന്ത്രിക്കു കഴിഞ്ഞിട്ടില്ല.

അതേസമയം കൃഷി, ചെറുകിട- ഇടത്തരം വ്യവസായങ്ങൾ, അടിസ്ഥാന സൗകര്യമേഖല തുടങ്ങിയവയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകും വിധം ഈ മേഖലകൾക്ക് വിഹിതം വർദ്ധിപ്പിച്ചിട്ടുള്ളതായി കാണാം. പ്രധാനമന്ത്രിയുടെ ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതി അഞ്ചുവർഷത്തേക്കുകൂടി ദീർഘിപ്പിച്ചത് ഇതിനു കീഴിൽവരുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസം നൽകും. അഞ്ചുവർഷംകൊണ്ട് ഒരുകോടിപേർക്ക് പുതുതായി തൊഴിൽ നൽകുമെന്നാണ് ബഡ്‌ജറ്റ് പ്രഖ്യാപനം. സുസ്ഥിര സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ ഒൻപത് മുൻഗണനാ മേഖലകൾക്ക് കാര്യമായ തോതിൽ വിഹിതം നീക്കിവച്ചിട്ടുണ്ട്.

കാർഷികോത്പാദനം വർദ്ധിപ്പിക്കാൻ പുതിയ ഒട്ടേറെ പദ്ധതികൾ നടപ്പാക്കും. 1.52 ലക്ഷം കോടി രൂപയാണ് കൃഷി മേഖലയ്ക്കായി നീക്കിവച്ചത്. ഗ്രാമീണ വികസനത്തിനും വലിയ പരിഗണന ലഭിച്ചിട്ടുണ്ട്. 2.66 ലക്ഷം കോടി രൂപയാണ് ഈ മേഖലയ്ക്ക് നൽകുന്നത്. അടിസ്ഥാന വികസന മേഖലയുടെ വികസനത്തിന് 11 ലക്ഷം കോടി രൂപ ലഭിക്കും. ടൂറിസം മേഖലയിലും പുതിയ പദ്ധതികളുണ്ട്. പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഈ വർഷം മൂന്നുകോടി വീടുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കാർഷിക മേഖലയിൽ ഒരുകോടി കർഷകരെ പ്രകൃതിസൗഹൃദ കൃഷിരീതിയിലേക്കു കൊണ്ടുവരാനുള്ള പദ്ധതി പുതുമയുള്ളതാണ്. ഭക്ഷ്യഎണ്ണയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടാനായി. എണ്ണക്കുരുക്കളുടെ വിളയ്ക്ക് വർദ്ധിച്ച പ്രാധാന്യം നൽകാനും നിർദ്ദേശമുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങളിൽക്കൂടി വ്യാപിപ്പിക്കുന്നതും പുതിയ കാർഷിക ഗവേഷണ പദ്ധതികൾ തുടങ്ങുന്നതും കൃഷി മേഖലയുടെ വളർച്ചയ്ക്ക് സഹായകമാകും.

പഠിച്ചിറങ്ങുന്ന അഭ്യസ്തവിദ്യർക്കായി നൈപുണ്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഗുണം നാലുകോടി പേർക്ക് ലഭ്യമാകുമെന്ന് ധനമന്ത്രി പറയുന്നു. അതുപോലെ പുതുതായി ജോലിയിൽ കയറുന്നവർക്ക് കേന്ദ്രം 15,000 രൂപ നൽകുന്ന പ്രോത്സാഹന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ഗഡുക്കളായിട്ടാകും തുക നൽകുക. അതുപോലെ, ആവശ്യമെങ്കിൽ ഇവരുടെ പി.എഫ് വിഹിതം മൂന്നുമാസം കേന്ദ്രം അടയ്ക്കാനുള്ള പദ്ധതിയുമുണ്ട്. രണ്ടു കോടിയിലധികം യുവതീയുവാക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് ധനമന്ത്രി അവകാശപ്പെട്ടത്. ചെറുകിട വ്യവസായ മേഖലയ്ക്ക് പ്രത്യേകം ഊന്നൽ നൽകുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. സ്വയംതൊഴിൽ ആഗ്രഹിക്കുന്നവർക്കായി മുദ്രാ വായ്പ 10 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷം രൂപയായി ഉയർത്തിയതാണ് മറ്റൊരു നല്ല പ്രഖ്യാപനം. അതേസമയം തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടാൻ ധനമന്ത്രി തയ്യാറായിട്ടില്ല. ഇടക്കാല ബഡ്‌ജറ്റിലെ 86,000 കോടിയായി അത് തുടരും.

ശമ്പള വിഭാഗക്കാർ പ്രതീക്ഷയോടെ കാത്തിരുന്ന ആദായനികുതി നിരക്കുകളിലെ മാറ്റം നേരിയ തോതിലേ ഉണ്ടായുള്ളൂ. 10 ലക്ഷം രൂപവരെയുള്ള വരുമാനക്കാർക്ക് ചെറിയ തോതിൽ ആശ്വാസം ലഭിക്കും. സ്റ്റാന്റേർഡ് ഡിഡക്ഷൻ അരലക്ഷം രൂപയിൽനിന്ന് 75,000 രൂപയായി ഉയർത്തിയതാണ് മാറ്റങ്ങളിലൊന്ന്. അതുപോലെ കുടുംബ പെൻഷൻകാരുടെ ഇളവ് പരിധി 15,000 രൂപയിൽനിന്ന് 25,000 രൂപയായി ഉയർത്തി. 3 ലക്ഷം മുതൽ 7 ലക്ഷംവരെയുള്ള വരുമാനക്കാർക്ക് നികുതി അഞ്ചുശതമാനമാണ്. 3-10 ലക്ഷത്തിന് പത്തുശതമാനവും 10-12 ലക്ഷത്തിന് 12 ശതമാനവും 12-15 ലക്ഷത്തിന് 20 ശതമാനവും 15 ലക്ഷത്തിനു മുകളിൽ 30 ശതമാനവുമാണ് ആദായനികുതി. ആദായ നികുതിദായകർക്ക് ആകെ ഉണ്ടാകുന്ന നേട്ടം 17,500 രൂപയാണ്. എന്നാൽ കോർപ്പറേറ്റുകൾക്കും വിദേശ കമ്പനികൾക്കും പുതുതായി നികുതി ആനുകൂല്യങ്ങൾ നൽകുന്നുമുണ്ട്. പുതുതായി ഒരുകോടി വീടുകളിൽക്കൂടി സൗരോർജ്ജ പദ്ധതി നടപ്പാക്കും. വഴിയോര ചന്തകൾക്കും ഭക്ഷ്യശാലകൾക്കും വേണ്ടിയുള്ള പുതിയൊരു സഹായപദ്ധതിയും ബഡ്‌ജറ്റിലുണ്ട്.

കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ യുവാക്കൾക്ക് ഇന്റേൺഷിപ്പിന് സൗകര്യമൊരുക്കും. 5000 രൂപ നിരക്കിൽ സ്റ്റൈപ്പൻഡും നൽകും. സംസ്ഥാനത്ത് ഒന്നരലക്ഷം കോടി രൂപയുടെ പലിശരഹിത വായ്പ നൽകുമെന്ന പ്രഖ്യാപനം പല സംസ്ഥാനങ്ങൾക്കും ഗുണകരമാകും. എന്നാൽ ബീഹാറിനും ആന്ധ്രയ്ക്കും ലഭിച്ചതുപോലുള്ള സഹായ പാക്കേജുകൾക്കായി കാത്തിരിക്കുന്ന സംസ്ഥാനങ്ങളെ ധനമന്ത്രി പാടേ തഴയുകയാണുണ്ടായത്. വെള്ളപ്പൊക്കം നേരിടാൻ പോലും ബീഹാറിന് 11,500 കോടിയാണ് നീക്കിവച്ചത്. ഇറക്കുമതിച്ചുങ്കം കുറയ്ക്കുകവഴി സ്വർണ്ണം, വെള്ളി എന്നിവയ്ക്ക് നേരിയ തോതിൽ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊബൈൽ ഫോണുകൾ, ചാർജറുകൾ, ചിലയിനം ഇലക്ട്രോണിക് ഉത്പന്നങ്ങൾ, തുകൽ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കും വില നേരിയ തോതിൽ കുറയാനിടയുണ്ട്. എന്നാൽ, നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന തടയാനുള്ള നിർദ്ദേശങ്ങളൊന്നും കാണാനില്ല. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളുടെ തീരുവ പൂർണമായും പിൻവലിച്ചതിലൂടെ അവയുടെ വില കുറയുന്നത് രോഗികൾക്ക് ആശ്വാസമാകും.

മുപ്പത്തിമൂന്നു ലക്ഷത്തിലധികം കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്ന കേന്ദ്ര ബഡ്‌ജറ്റ് വിവിധ മേഖലകളെ എത്രത്തോളം ഉത്തേജിപ്പിക്കാൻ പര്യാപ്തമാകുമെന്ന് വഴിയേ അറിയാനിരിക്കുന്നതേയുള്ളൂ. രാജ്യത്തിന്റെ ആവശ്യങ്ങളുമായി തട്ടിച്ചുനോക്കിയാൽ ധൃതഗതിയിലുള്ള വളർച്ച നേടാൻ ഇതൊന്നും പോരാ. സാമ്പത്തികവർഷം തീരാൻ എട്ടുമാസം ശേഷിക്കെ കൊണ്ടുവന്ന സമ്പൂർണ ബഡ്‌ജറ്റിലെ നിർദ്ദേശങ്ങളിൽ പലതും പ്രസംഗത്തിൽ പുറത്തുവരികയുണ്ടായില്ല. വിശദ ബഡ്‌ജറ്റ് രേഖകളിലാണ് അതൊക്കെയുള്ളത്. പതിവിൽനിന്ന് വ്യത്യസ്തമായി ഒരുമണിക്കൂർ 25 മിനിട്ടിൽ പ്രസംഗം ഒതുക്കുകയായിരുന്നു ധനമന്ത്രി. പൊതു ബഡ്‌ജറ്റിനൊപ്പം റെയിൽവേ ബഡ്‌ജറ്റ് കൂടി അവതരിപ്പിക്കുന്ന പതിവ് മുമ്പുണ്ടായിരുന്നെങ്കിലും അതേപ്പറ്റി ഒരക്ഷരം ധനമന്ത്രി മിണ്ടിയില്ല. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ അങ്ങനെ പൂർണമായും തമസ്കരിക്കപ്പെടുകയും ചെയ്തു.