ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട്
ആറ്റിങ്ങൽ: ആറ്റിങ്ങൾ കിഴക്കേ നാലുമുക്കിലെത്തിയാൽ കാൽനടയാത്രക്കാരൻ പെട്ടതുതന്നെ.റോഡ് മുറിച്ചു കടക്കാനാണ് പെടാപ്പാട്. ജനത്തിരക്കേറിയ ജംഗ്ഷനിൽ സീബ്രാലൈനും ഫൂട്ട് ഓവർബ്രിഡ്ജുമില്ലാത്തതാണ് പ്രധാന പ്രശ്നം.
ആറ്റിങ്ങൽ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആറ്റിങ്ങൽ കിഴക്കേനാലുമുക്കിലും,സബ് ട്രഷറിയുടെ മുന്നിലുമായി രണ്ട് ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കുമെന്ന് മുൻ എം.എൽ.എ സത്യൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 9 വർഷം കഴിഞ്ഞിട്ടും തുടർനടപടികളുണ്ടായില്ല.
അപകടങ്ങൾ ഒഴിവാക്കാം,സമയലാഭം തുടങ്ങി നിരവധി കാരണങ്ങളുണ്ടായിട്ടും കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന പദ്ധതിയായിട്ടുകൂടി നടപ്പിലാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
ഇപ്പോഴും ഇവിടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കണമെങ്കിൽ സീബ്രാലൈനുകൾ അന്വേഷിച്ചു നടക്കണ്ടേ ഗതികേടിലാണ്. രണ്ട് ബസ് സ്റ്റാൻഡുകൾക്കിടയിൽ പത്തോളം ഇടങ്ങളിൽ മുൻപ് സീബ്രാ ലൈനുകളുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഒന്നും കാണാനില്ല.വിദ്യാദ്യാസസ്ഥാപനങ്ങൾ വിട്ടാൽ ദേശീയപാതയിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ അപകടകരമായാണ് വിദ്യാർത്ഥികൾ റോഡ് മുറിച്ചു കടക്കുന്നത്. എത്രയും വേഗം സീബ്രാ ലൈനും ഫൂട്ട് ഓവർബ്രിഡ്ജും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തിരക്കേറിയ ജംഗ്ഷൻ
കിഴക്കേ നാലുമുക്കിൽ രണ്ട് ബസ് സ്റ്റാൻഡ്,ഗവൺമെന്റ് കോളേജ്,ഹയർ സെക്കൻഡറി സ്കൂൾ,ജില്ലാ വിദ്യാഭ്യാസ ഓഫീസ് നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ഓട്ടോ ടാക്സി സ്റ്റാൻഡുകൾ,കച്ചവട സ്ഥാപനങ്ങൾ എന്നിവയിലേക്ക് നിത്യവും ആയിരങ്ങളാണ് വന്ന് പോകുന്നത്.
വേണം ഫൂട്ട് ഓവർബ്രിഡ്ജ്
ട്രഷറിയുടെ മുന്നിൽ മിനി സിവിൽ സ്റ്റേഷൻ,കോർട്ട് കോംപ്ലക്സ്,പാസ്പോർട്ട് ഓഫീസ്,കെ.എസ്.ഇ.ബി ഓഫീസ്,അഭിഭാഷകരുടെ ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. രണ്ടിടങ്ങളിലും ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിച്ചാൽ ഗതാഗതം സുഗമമാക്കാം.
വിദ്യാർത്ഥികളും ഭീതിയിൽ
സ്കൂൾ സമയങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണിവിടെ റോഡ് മുറിച്ചു കടക്കുന്നത്. ഇവിടെ ട്രാഫിക്ക് സിഗ്നൽ ലൈറ്റ് പോലും പ്രവർത്തിക്കുന്നില്ല.ആകെ ഒരു ട്രാഫിക്ക് വാർഡൻ മാത്രമാണുള്ളത്.അതും രാവിലെ മാത്രം. ഉച്ചകഴിഞ്ഞാൽ അതുമില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.
ഗതാഗതക്കുരുക്കിൽ കുരുങ്ങി - ആംബുലൻസുകൾ ഉൾപ്പെടെ മണിക്കൂറുകളോളമാണ് കാത്തുകിടക്കുന്നത്