തിരുവനന്തപുരം:നിർമ്മാണം പുരോഗമിക്കുന്ന പേട്ട- കണ്ണമ്മൂല റോഡിലെ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ. റോഡിനടിയിലൂടെയുള്ള സ്വീവേജിലെ അറ്റകുറ്റപ്പണികളാണ് പൂ‌ർത്തിയായത്. മണ്ണിട്ടുമൂടിയ ഈ ഭാഗം വാഹനങ്ങൾ കയറിയിറങ്ങി ഉറയ്ക്കുന്നതിനായാണ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്. റോഡ് ഉറച്ചതിനു ശേഷം കോൺക്രീറ്റിംഗും ടാറിംഗും അടക്കമുള്ള പ്രവർത്തനങ്ങൾ നടക്കും. സ്വീവേജ് അറ്റകുറ്റപ്പണി ചെയ്ത സ്ഥലം പൂഴിമണ്ണും വെള്ളം നിറഞ്ഞതുമായതിനാൽ ഉറയ്ക്കാൻ സമയമെടുക്കും. മഴ തുടരുന്നത് നിർമ്മാണ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. റോ‌ഡിന്റെ മദ്ധ്യേ വലിയ കുഴിയെടുത്താണ് സ്വീവേജ് ലൈനിന്റെ 60 മീറ്റർ പൈപ്പ് സ്ഥാപിച്ചത്. മുമ്പ് ഇതേ സ്ഥലത്ത് നിരവധി തവണ പൈപ്പ് പൊട്ടിയിട്ടുള്ളതിനാൽ അതിന്റെ പ്രശ്നങ്ങൾ പരിഹരിച്ചാണ് ഇത്തവണ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. എന്നാൽ,​ മണ്ണും വെള്ളവും ഒലിച്ചെത്തുന്നത് തുടരുന്നതിനാൽ മണ്ണ് ഉറയ്ക്കുന്നത് എളുപ്പമല്ല. അതിനാലാണ് കോൺക്രീറ്റിംഗ് നടത്തുന്നത് മണ്ണ് ഉറച്ചതിനു ശേഷം മതിയെന്ന് തീരുമാനിച്ചതെന്നും വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു.

ഗതാഗതക്കുരുക്ക് രൂക്ഷം

പേട്ട പൊലീസ് സ്റ്റേഷനുമുന്നിൽ നിന്ന് കണ്ണമ്മൂലയിലേക്കുള്ള വൺവേ അടച്ചതിനാൽ നിലവിൽ കണ്ണമ്മൂല- നാലുമുക്ക് റോഡിൽ വലിയ ഗതാഗതക്കുരുക്കാണുള്ളത്. ഈ റോഡ് വീതികുറവായതുമൂലം ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ തിങ്ങിനിറഞ്ഞ് വളരെ സമയമെടുത്താണ് കടന്നുപോകുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ കണ്ണമ്മൂലയിലേക്ക് പോകേണ്ട വാഹനങ്ങൾ പാറ്റൂർ സൈഡിൽ നിന്ന് പള്ളിമുക്ക് പേട്ട ഭാഗത്തേക്ക് വഴിതിരിച്ചുവിടുന്നതും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.