തിരുവനന്തപുരം: വ്യവസായ ആവശ്യത്തിനുള്ള ഭൂമിയുടെ ലഭ്യതക്കുറവ് മറികടക്കാനും വിദ്യാർത്ഥികളിൽ സംരംഭകത്വ താത്പര്യം വളർത്താനും സംസ്ഥാന സർക്കാർ രൂപീകരിച്ച ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി ഹോട്ടൽ റസിഡൻസി ടവറിൽ ഇന്ന് രാവിലെ 11.30ന് മന്ത്രി പി.രാജീവും പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ മന്ത്രി ഡോ. ആർ.ബിന്ദുവും ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിലുള്ളതും ഉപയോഗിക്കാതെ കിടക്കുന്നതുമായ ഭൂമിയിൽ ക്യാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കുകയാണ് ലക്ഷ്യം. വ്യവസായ- വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ പദ്ധതിയിലൂടെ കഴിയുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കുറഞ്ഞത് അഞ്ച് ഏക്കർ ഭൂമിയുള്ള സർക്കാർ/ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കുന്നതിന് കുറഞ്ഞത് രണ്ട്ഏക്കർ ഭൂമി വേണ്ടം. 30വർഷത്തേക്കാണ് ഡെവലപ്പർ പെർമിറ്റ് അനുവദിക്കുക. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് വെബ് പോർട്ടലിലൂടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, വ്യവസായ വകുപ്പ് ഡയറക്ടർ എസ്.ഹരി കിഷോർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ.സുധീർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. പി.ആർ.ഷാലിജ്, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് എന്നിവർ സംസാരിക്കും.