ks

തിരുവനന്തപുരം: നഷ്ടപ്പെട്ട പണവും മറ്റ് രേഖകളും ഉൾപ്പെടുന്ന പഴ്സ് കെ.എസ്.ആർ.ടി.സി ജീവനക്കാർ യാത്രക്കാരിക്ക് തിരിച്ചു നൽകി. ഇന്നലെയാണ് സംഭവം. വെഞ്ഞാറമൂട്ടിൽ നിന്ന് കിഴക്കേകോട്ടയിലേക്ക് വന്ന ലോട്ടറി ഏജന്റ് ഗായത്രിയുടെ പഴ്സാണ് നഷ്ടമായത്. കിഴക്കേകോട്ട സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ ഗായത്രി പരാതിയുമായെത്തി. ആ സമയം കണ്ടക്ടർ ആർ.സതീഷ്‌കുമാറിന് ബസിൽ നിന്ന് പഴ്സ് ലഭിച്ചു. ഭഗവതി ലോട്ടറിയുടെ അംഗീകൃത ഏജന്റായ ഗായത്രിയുടെ ഐ.ഡി നമ്പറിലെ ഫോണിലേക്ക് സതീഷ് കുമാർ വിളിച്ചു. ലോട്ടറി ഓഫീസിൽ നിന്ന് ഗായത്രിയെ വിവരമറിയിച്ചു. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ വച്ച് പരിശോധനകൾ പൂർത്തിയാക്കിയ ശേഷം സതീഷ്‌കുമാറും ഡ്രൈവർ എസ്.എസ്.ശ്യാംജിത്തും ചേർന്ന് ഗായത്രിക്ക് 10,000ഓളം രൂപയും ആധാർ കാ‌ർഡ് ഉൾപ്പെടെ വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് കൈമാറി. ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ സത്യസന്ധത പുലർത്തിയ വെഞ്ഞാറമൂട് ഡിപ്പോയിലെ സതീഷ് കുമാറിനേയും ശ്യാംജിത്തിനേയും ഡി.കെ. മുരളി എം.എൽ.എ, അസി. ട്രാൻസ്‌പോർട്ട് ഓഫീസർ കെ.വി.അജി എന്നിവർ അഭിനന്ദിച്ചു.