cctv

കാട്ടാക്കട: കാട്ടാക്കട സെന്റ് ആന്റണീസ് പള്ളിയിൽ കാണിക്കകൾ കുത്തിത്തുറന്ന് പതിനായിരത്തോളം രൂപകവർന്നു. ചൊവാഴ്ച പുലർച്ചെ രണ്ടര മുതൽ മൂന്നര വരെയുള്ള സമയമാണ് കള്ളൻ പള്ളിയിൽ ഉണ്ടായിരുന്നത്. കൈലിയും നീല ഷർട്ടും തൊപ്പിയും മാസ്‌ക്കും അണിഞ്ഞാണ് കള്ളൻ എത്തിയത്. ഇവിടെ പള്ളിയുടെ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിന് താഴത്തെ നിലയിൽ താത്കാലിക പ്രാർത്ഥന കൂടുന്ന സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള കാണിക്കയിൽ നിന്നും, പള്ളിക്ക് മുൻവശത്ത് അടക്കം ചെയ്തിട്ടുള്ള അൻപ് ഉടയോൻ കല്ലറയ്ക്ക് സമീപമുള്ള കാണിക്കയിൽ നിന്നുമാണ് പണം കവർന്നിട്ടുള്ളത്. സമീപത്ത് മറ്റൊരു കാണിക്കയും തുറക്കാനുള്ള ശ്രമവും നടത്തി. ഇതു കൂടാതെ കട്ടക്കോട് ജംഗ്ഷനിലുള്ള കുരിശടിയിലും മോഷണം നടന്നിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് മുൻപാണ് പള്ളിയുടെ അധീനതയിൽ ഉള്ള മറ്റൊരു കുരിശടിയിലും കവർച്ച നടന്നിരുന്നു. ഇത് അഞ്ചാം തവണയാണ് പള്ളി കേന്ദ്രീകരിച്ച മോഷണവും മോഷണ ശ്രമവും നടക്കുന്നത്. നഷ്ടപ്പെട്ട തുകയെ കുറിച്ച് വ്യക്തമല്ലെന്ന് പള്ളി അധികൃതർ പറഞ്ഞു. കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളിൽ നിന്ന് കമ്പി എടുത്താണ് പൂട്ടുകൾ പൊളിച്ചിരിക്കുന്നത്. ഇവ പിന്നീട് ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. കാട്ടാക്കട പൊലിസ് കേസെടുത്തു.