തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഇ-ഓഫീസ് സംവിധാനം സാങ്കേതിക തകരാർ മൂലം നിശ്ചലമായതോടെ ഇന്നലെ ഫയൽ നീക്കം സ്തംഭിച്ചു.എല്ലാ വകുപ്പുകളുടെയും പ്രവർത്തനം അവതാളത്തിലായി.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ തുടങ്ങിയ തകരാർ പരിഹരിക്കാൻ എൻ.ഐ.സി ശ്രമം തുടരുകയാണ്. സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലും ഫയൽ നീക്കം സ്തംഭനാവസ്ഥയിലാണ്.
സെക്രട്ടേറിയറ്റിൽ 99 ശതമാനം ഫയലുകളും ഡിജിറ്റലായാണ് കൈകാര്യം ചെയ്യുന്നത്. മന്ത്രിമാർ ഉൾപ്പെടെ ഇ-ഫയലുകളാണ് കൈകാര്യം ചെയ്യുന്നത്. 44 വകുപ്പുകളിലായി ഏതാണ്ട് 800ഓളം സെക്ഷനുകളുണ്ട് . ദിവസേന 16000ത്തോളം ഫയലുകളാണ് ഇ-ഓഫീസിലൂടെ കടന്ന് പോകുന്നത്. അസിസ്റ്റന്റ് മുതൽ വകുപ്പു സെക്രട്ടറി വരെയുള്ളവരുടെ പരിശോധനയ്ക്കു ശേഷമാണ് ഒരു ഫയൽ തീർപ്പാകുന്നത്. ചില ഫയലുകളിൽ ചീഫ് സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസുകളിലേക്ക് വരെ പരിശോധന നീളും.

ജീവനക്കാർ ഹാജർ രേഖപ്പെടുത്തിയ ശേഷം സെക്രട്ടേറിയറ്റ് സഹകരണസംഘം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴുകി . 27നാണ് തിരഞ്ഞെടുപ്പ്.

മന്ത്രിസഭാ യോഗത്തിന്

ഫയലുകൾ നീങ്ങി

ഫയൽ നീക്കം തടസപ്പെട്ടുവെങ്കിലും മന്ത്രിസഭാ യോഗത്തിനായി തയ്യാറാക്കേണ്ട ഫയലുകൾ നീങ്ങി. ഡിജിറ്റൽ ഫയലുകൾ അല്ലാത്തതിനാൽ കുഴപ്പമുണ്ടായില്ല.

`സാങ്കേതിക തകരാറാണ് കാരണം. പരിഹരിക്കാനുള്ള ശ്രമം ഡൽഹിയിൽ തുടരുകയാണ്. തകരാർ ഇന്ന് പരിഹരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.'

- എൻ.ഐ.സി