തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ തെരുവു വിളക്കുകൾ മിഴിയടച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ. നഗരസഭാ കൗൺസിലിൽ ഭരണ പ്രതിപക്ഷ ഭേദമെന്യേ തെരുവുവിളക്ക് തെളിക്കണമെന്ന് ആവശ്യമുയർത്തിയിട്ടും യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.
രാത്രി നഗരത്തിലിറങ്ങണമെങ്കിൽ ടോർച്ചില്ലാതെ പറ്റില്ലെന്ന അവസ്ഥയാണ്. പുതിയ വിളക്കുകൾ സ്ഥാപിക്കുന്നത് നിലച്ചു. കേടായവ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ആറുമാസം തികയും മുൻപേ മിക്ക വാർഡുകളിലെയും ഭൂരിപക്ഷം വിളക്കുകളും കേടായി.മേയറുടെ വാർഡിൽ പോലും തെരുവുവിളക്ക് കത്തുന്നില്ലെന്നതാണ് ആക്ഷേപം.


എ.എം.സി നൽകിയിട്ടും

100 വാർഡുകളിലെയും തെരുവുവിളക്കുകളുടെ മെയിന്റനസ് നടത്താൻ മൂന്ന് കമ്പനികളുമായി നഗരസഭ ആനുവൽ മെയിന്റനൻസ് കോൺട്രാക്ട് (എ.എം.സി) തയ്യാറാക്കിയിട്ടുണ്ട്.എന്നാൽ കരാറിൽ ഏർപ്പെട്ട കമ്പനികൾ തിരിഞ്ഞുനോക്കാത്തതാണ് പ്രശ്‌നം. ഓരോ കമ്പനിക്കും 40 ലക്ഷത്തിന് മേൽ രൂപയാണ് ഒരു വർഷത്തെ കരാർ. എന്നാൽ കരാർ പ്രകാരമുള്ള ജോലി ചെയ്യാൻ മടിക്കുന്ന കമ്പനിയുടെ പ്രതിനിധികളെ വിളിച്ചുവരുത്താനോ നടപടികൾ സ്വീകരിക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

നഗരമാകെ ഇരുട്ടിൽ

നഗരത്തിന്റെ ഹൃദയഭാഗമടക്കം ഒട്ടുമിക്ക പ്രധാനകേന്ദ്രങ്ങളും ഇരുട്ടിലാണ്.വിമാനത്താവളം റോഡിൽ ചാക്ക മുതൽ ജനറൽ ആശുപത്രി വരെ ഒരു തെരുവുവിളക്ക് പോലും കത്തുന്നില്ല. കേരള റോഡ് ഫണ്ടിന്റെ അധീനതയിലുള്ളതാണ് ഈ റോഡ്. ഇതുകൂടാതെ ശംഖുംമുഖത്തേക്കും കോവളത്തേക്കുമുള്ള റോഡിലും തെരുവുവിളക്കില്ല. അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റ് പരിസരം,നിയമസഭ,പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിലും വെളിച്ചമില്ല. വഞ്ചിയൂർ,ചാക്ക,മ്യൂസിയം,നന്തൻകോട്,പാളയം,പൗണ്ട്കടവ്,​തൈക്കാട്,​ഉള്ളൂർ,മെഡിക്കൽ കോളേജ്,പേട്ട,​പുഞ്ചക്കരി,​കരമന,​നേമം,​നെടുങ്കാട്,​തൃക്കണ്ണാപുരം എന്നിവിടങ്ങളിലും തെരുവുവിളക്കുകൾ കത്തുന്നില്ല.

പാളിപ്പോയ പദ്ധതി

തെരുവുവിളക്കുകളെല്ലാം എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന പദ്ധതി പാതിവഴിയിലാണ്. നഗരസഭയിലെ 100 വാർഡുകളെ മൂന്ന് ഡിവിഷനുകളായി തിരിച്ച് പൂർണമായും എൽ.ഇ.ഡിയിലേക്ക് മാറ്റും. കഴക്കൂട്ടം,തിരുവനന്തപുരം,നെയ്യാറ്റിൻകര കെ.എസ്.ഇ.ബി ഡിവിഷനുകൾക്കുള്ളിലാണ് എൽ.ഇ.ഡി ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി പ്രാവർത്തികമായാൽ നഗരത്തിന്റെ ഇരുട്ടകലും.